കേരളം

kerala

ETV Bharat / international

ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം പുതിയ ഉയരങ്ങളിലേക്ക്... ചരിത്ര ഇടനാഴി തുറക്കാൻ ട്രംപ്, വൻ പ്രഖ്യാപനവുമായി മോദി - TRUMP AND MODI PRESS CONFERENCE

2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി ഉയർത്താൻ ധാരണയായതായി മോദി വ്യക്തമാക്കി

Etv Bharat
Etv Bharat (Etv Bharat)

By ETV Bharat Kerala Team

Published : Feb 14, 2025, 9:09 AM IST

വാഷിങ്‌ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി ഉയർത്താൻ ധാരണയായതായി മോദി വ്യക്തമാക്കി. ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കവേയാണ് മോദിയുടെ പ്രതികരണം.

പ്രതിരോധം മുതൽ എഐ സാങ്കേതികവിദ്യ വരെയുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് മോദി വിശദീകരിച്ചു. ട്രംപിന്‍റെ "മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ" എന്ന പദ്ധതിയുമായി ബന്ധപ്പെടുത്തി, വികസിത് ഭാരത് എന്നാൽ "മേക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ" അല്ലെങ്കിൽ മിഗ എന്നാണെന്ന് മോദി പറഞ്ഞു.

മിഗയും മാഗയും ഒരുമിച്ച് അഭിവൃദ്ധിക്കായുള്ള മെഗാ പങ്കാളിത്തമായി മാറുന്നുവെന്നും മോദി ആത്മവിശ്വാസത്തോടെ പറഞ്ഞു. 2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും തങ്ങളുടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കി 500 ബില്യൺ ഡോളറായി ഉയർത്തുകയാണ് ലക്ഷ്യെമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. 2024 ൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 129.2 ബില്യൺ ഡോളറാണ്.

എണ്ണ, വാതകം, പുനരുപയോഗ ഊർജ്ജ നിക്ഷേപങ്ങൾ, പ്രതിരോധ സഹകരണം എന്നിവ വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. "ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ അമേരിക്കയ്ക്ക് നിർണായക പങ്കുണ്ട്. തന്ത്രപരവും വിശ്വസിനീയവുമായ പങ്കാളി എന്ന നിലയിൽ, സംയുക്ത വികസനം, സംയുക്ത ഉൽപ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം, പ്രതിരോധം എന്നീ മേഖലകളില്‍ ഞങ്ങൾ മുന്നേറുകയാണ്. ഭാവിയിൽ, പുതിയ സാങ്കേതികവിദ്യയും അത്യാധുനിക ഉപകരണങ്ങളും ഞങ്ങളുടെ കഴിവുകൾ വർധിപ്പിക്കും. ഓട്ടോണമസ് സിസ്റ്റംസ് ഇൻഡസ്ട്രി അലയൻസ് ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചു," പ്രധാനമന്ത്രി മോദി പറഞ്ഞു.

'ഇന്ത്യയ്‌ക്കും ഇറക്കുമതി തീരുവ ബാധകം'

ഇന്ത്യയിലേക്ക് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന മുൻനിര രാജ്യമായി അമേരിക്കയെ പുനഃസ്ഥാപിക്കുന്ന ഒരു സുപ്രധാന ഊർജ്ജ കരാറിൽ താനും മോദിയും എത്തിയതായി ട്രംപ് പറഞ്ഞു. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. മറ്റുള്ള രാജ്യങ്ങളെ പോലെ ഇന്ത്യയ്‌ക്കും ഇറക്കുമതി തീരുവ ബാധകമാകുമെന്ന സൂചനയും അദ്ദേഹം നല്‍കി. ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് പറഞ്ഞ ട്രംപ്, യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് പരസ്‌പര നികുതി ഇളവില്ലെന്നും വ്യക്തമാക്കി.

Also Read:മോദി അമേരിക്കയില്‍; നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ട്രംപുമായി ചർച്ച

ABOUT THE AUTHOR

...view details