വാഷിങ്‌ടൺ:ദീപാവലി ആഘോഷിച്ച് ക്യാപിറ്റോൾ.ദീപാവലി ആഘോഷത്തിൽ നിയമ നിർമാതാക്കളും പ്രമുഖ ഇന്ത്യൻ അമേരിക്കക്കാരും പങ്കുചേർന്നു. കഴിഞ്ഞാഴ്‌ച നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ശേഷം യുഎസ് കോൺഗ്രസിലെ ആദ്യത്തെ പ്രധാന പരിപാടിയായിരുന്നു ഇത്.
ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ, സിഖ് ഫോർ അമേരിക്ക, ജെയിൻ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക, ആർട്ട് ഓഫ് ലിവിങ് എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ അമേരിക്കൻ സംഘടനകളുമായി സഹകരിച്ച് ബാപ്‌സ് ശ്രീ സ്വാമിനാരായണ മന്ദിറാണ് ചൊവ്വാഴ്‌ച (നവംബർ 12) 'ദീപാവലി അറ്റ് ക്യാപിറ്റോൾ ഹിൽ' എന്ന പരിപാടി സംഘടിപ്പിച്ചത്.
അമേരിക്ക കുടിയേറ്റക്കാരുടെ നാടാണെന്നും ലോകമെമ്പാടുമുള്ള ആളുകൾ ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ദീപാവലി ആഘോഷത്തിടെ സെനറ്റർ റാൻഡ് പോൾ പറഞ്ഞു. അമേരിക്കയെ മഹത്തായ രാജ്യമാക്കാനാണ് എല്ലാവരും ഇവിടെ ഒത്തുചേരുന്നുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞാൻ നിയമാനുസൃതമായ കുടിയേറ്റത്തിൻ്റെ വക്താവാണ്. കുടിയേറ്റം വിപുലീകരിക്കാൻ ധാരാളം ബില്ലുകൾ നിലവിലുണ്ട്. ഞാൻ അതിനായി പ്രവർത്തിക്കാൻ പോകുകയാണെന്നും, എല്ലാവർക്കും നല്ലൊരു ദീപാവലി ആശംസിക്കുന്നുവെന്നും' സെനറ്റർ റാൻഡ് പോൾ വ്യക്തമാക്കി.
ദീപാവലി ആഘോഷത്തിനിടെ ഇന്ത്യൻ അമേരിക്കക്കാരെ അഭിവാദ്യം ചെയ്‌തുകൊണ്ട് മിസിസിപ്പി സെനറ്റർ സിൻഡി ഹൈഡ് സ്‌മിത്തും സംസാരിച്ചു. ഈ രാജ്യത്തിന് സമൃദ്ധി നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പുതിയതായി എന്തെങ്കിലും തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കും ജീവിതത്തിൽ വിജയിക്കണമെന്ന ലക്ഷ്യമുള്ളവർക്കും വേണ്ടിയുള്ള രാജ്യമാണിതെന്ന് ഹൈഡ് സ്‌മിത്ത് പറഞ്ഞു.
അതേസമയം രാജ്യത്ത് സുസ്ഥിരമായ ഒരു അന്തരീക്ഷം വേണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. മികച്ച സമ്പദ് വ്യവസ്ഥയാണ് നമുക്കാവശ്യം. മാത്രമല്ല നിങ്ങളുടെ കുടുംബത്തോടൊപ്പം താമസിക്കാൻ സുരക്ഷിതമായ ഒരു സ്ഥലം ഉണ്ടാക്കിയെടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര പറഞ്ഞു.