ജറുസലേം :സിറിയയിലെ ഇറാൻ കോൺസുലേറ്റിലുണ്ടായ സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇറാനും ഇസ്രയേലും തമ്മിലുള്ള പോര്‍വിളികള്‍ മുറുകുന്നു. തങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ ഇറാനെ നേരിട്ട് ആക്രമിക്കുമെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി കാറ്റ്സിന്‍റെ പ്രതികരണം. ഫാർസിയിലും ഹീബ്രു ഭാഷയിലുമാണ് മന്ത്രിയുടെ പോസ്‌റ്റ്.
ഈ മാസമാദ്യം, ദമാസ്‌കസിലെ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഇസ്രയേലിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍റെ നേതാവ് ആയത്തുള്ള അലി ഖമേനി ഇന്ന് (10-04-2024) രാവിലെ ആവർത്തിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്‍റെ പ്രസ്‌താവന. 12 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് ടെഹ്‌റാൻ ആരോപിച്ചിരുന്നു. എന്നാല്‍ ഇസ്രയേൽ ഇത് അംഗീകരിച്ചിട്ടില്ല.
'പെരുന്നാള്‍ രാവിന്‍റെ ആഘോഷത്തിനിടെയായിരുന്നു ഖമേനിയുടെ പ്രസ്‌താവന. വ്യോമാക്രമണം തെറ്റായ നടപടിയാണ്. ഞങ്ങളുടെ കോൺസുലേറ്റ് ഏരിയ ആക്രമിക്കുന്നത് ഞങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് സമാനമാണ്. അവർ ഞങ്ങളെ ആക്രമിച്ചതിന് തുല്യമാണത്. ദുഷിച്ച ഭരണകൂടം ശിക്ഷിക്കപ്പെടണം, ശിക്ഷിക്കപ്പെടും...'- ഇറാനിയൻ സ്റ്റേറ്റ് ടിവി സംപ്രേക്ഷണം ചെയ്‌ത ഖമേനിയുടെ പ്രസംഗത്തില്‍ പറയുന്നു.
ഹമാസിനെതിരെ നടത്തുന്ന യുദ്ധത്തിൽ ഇസ്രായേലിനെ പിന്തുണച്ച, യുഎസ് ബ്രിട്ടനുള്‍പ്പടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങളെയും ഖമേനി വിമർശിച്ചു. അയത്തുള്ളയോ കാറ്റ്‌സോ പ്രതികാരം ചെയ്യാന്‍ പോകുന്ന രീതിയെ കുറിച്ച് വിശദീകരിച്ചിട്ടില്ല. ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാൻ കോൺസുലേറ്റില്‍ നടന്ന സ്ഫോടനത്തിൽ ഏഴ് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് അംഗങ്ങളും നാല് സിറിയക്കാരും ഒരു ഹിസ്ബുള്ള മിലിഷ്യ അംഗവുമാണ് കൊല്ലപ്പെട്ടത്.
Also Read :ഇസ്രയേൽ വ്യോമാക്രമണം : രണ്ട് ഇറാനിയൻ ജനറൽമാരും അഞ്ച് ഓഫീസർമാരും കൊല്ലപ്പെട്ടു - Israeli Strike On Irans Consulate