ധാക്ക:അവാമി ലീഗ് പാർട്ടി നിരോധിക്കാൻ ഉദ്ദേശ്യമില്ലെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി സഖാവത് ഹുസൈൻ. 'അവാമി ലീഗ് പാർട്ടി ബംഗ്ലാദേശിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. അത് ഞങ്ങൾ നിഷേധിക്കുന്നില്ല' എന്നും അദ്ദേഹം പറഞ്ഞു. 'തെരഞ്ഞെടുപ്പ് വരുമ്പോൾ അവർ (അവാമി ലീഗ് പാർട്ടി നേതാക്കള്‍) മത്സരിക്കണം' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിന്‍റെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വം നല്‍കിയിരുന്ന പാര്‍ട്ടിയാണ് അവാമി ലീഗ്. ഭരണ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ഒരാഴ്‌ച മുമ്പ് 76 കാരിയായ ഷെയ്ഖ് ഹസീന വ്യോമസേന ഹെലികോപ്റ്ററില്‍ അയൽരാജ്യമായ ഇന്ത്യയിലേക്ക് പാലായനം ചെയ്‌തിരുന്നു. രാഷ്‌ട്രീയ എതിരാളികളെ നിയമവിരുദ്ധമായി കൊലപ്പെടുത്തിയത് ഉൾപ്പെടെ നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് ഹസീനയുടെ സര്‍ക്കാരിനെതിരെ ആരോപിക്കപ്പെട്ടത്.
ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ വലിയ ആഹ്ലാദ പ്രകടനങ്ങളാണ് ബംഗ്ലാദേശില്‍ അരങ്ങേറിയത്. എന്നിരുന്നാലും ഹസീനയുടെ അവാമി ലീഗ് പാർട്ടി നിരോധിക്കാനുളള നടപടികള്‍ ഇടക്കാല സർക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേസമയം, മുൻ പ്രധാനമന്ത്രിയുടെ രാജിയെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിന് പിന്നാലെ തെരുവുകളില്‍ നിന്ന് പിന്‍വലിഞ്ഞ പൊലീസ് ഒരാഴ്‌ചയ്‌ക്ക് ശേഷം പെട്രോളിങ് പുനരാരംഭിച്ചു.