ധാക്ക: കഴിഞ്ഞ മാസം ആഭ്യന്തര കലാപത്തിനിടെ ഒരാളെ പൊലീസ് കൊലപ്പെടുത്തിയ കേസിൽ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും അവരുടെ ഭരണകൂടത്തിലെ ആറ് ഉന്നത വ്യക്തികൾക്കുമെതിരെ ബംഗ്ലാദേശിലെ കോടതി കൊലപാതക കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചു. ധാക്കയിലെ തെരുവുകളിൽ പ്രതിഷേധക്കാർ ഒഴുകിയെത്തിയപ്പോൾ 76 കാരിയായ ഹസീന ഒരാഴ്‌ച മുമ്പ് അയൽരാജ്യമായ ഇന്ത്യയിലേക്ക് ഹെലികോപ്റ്ററിൽ പലായനം ചെയ്‌തു.
ഹസീനയുടെ മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ, ഹസീനയുടെ അവാമി ലീഗ് പാർട്ടി ജനറൽ സെക്രട്ടറി ഒബൈദുൽ ക്വദർ എന്നിവര്‍ക്കെതിരെയും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി ഹരുൺ-ഓർ-റഷീദ്, മുതിർന്ന ധാക്ക മെട്രോപൊളിറ്റൻ പൊലീസ് ഓഫീസർമാരായ ഹബീബുർ റഹ്മാൻ, ബിപ്ലബ് കുമാർ സർക്കർ എന്നിവരെയും കേസില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ രാജ്യത്ത് നടന്ന കൊലപാതകങ്ങളില്‍ ആദ്യമായി പ്രതികരിച്ച് ഷെയ്ഖ് ഹസീന രംഗത്ത് എത്തി. ബംഗ്ലാദേശ് കലാപത്തില്‍ ശരിയായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നും ഹസീന പറഞ്ഞു. കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അവര്‍ ആദരാഞ്ജലികളും നേര്‍ന്നു. ആയിരക്കണക്കിന് രാഷ്‌ട്രീയ എതിരാളികളെ നിയമവിരുദ്ധമായി കൊലപ്പെടുത്തിയതുൾപ്പെടെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഹസീനയുടെ സർക്കാരിന് മേല്‍ ആരോപിക്കപ്പെടുന്നത്. 42 ഓഫീസർമാരുൾപ്പെടെ 450-ലധികം ആളുകൾ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഹസീന രാജ്യം വിടാന്‍ നിര്‍ബന്ധിതയായത്.
അതിനിടെ അവാമി ലീഗ് പാർട്ടി നിരോധിക്കാൻ ഉദ്ദേശ്യമില്ലെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി സഖാവത് ഹുസൈൻ പറഞ്ഞു. 'അവാമി ലീഗ് പാർട്ടി ബംഗ്ലാദേശിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. അത് ഞങ്ങൾ നിഷേധിക്കുന്നില്ല' എന്നും അദ്ദേഹം പറഞ്ഞു. 'തെരഞ്ഞെടുപ്പ് വരുമ്പോൾ അവർ (അവാമി ലീഗ് പാർട്ടി നേതാക്കള്‍) മത്സരിക്കണം' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ വലിയ ആഹ്ളാദ പ്രകടനങ്ങളാണ് ബംഗ്ലാദേശില്‍ അരങ്ങേറിയത്. എന്നിരുന്നാലും ഹസീനയുടെ അവാമി ലീഗ് പാർട്ടി നിരോധിക്കാനുളള നടപടികള്‍ ഇടക്കാല സർക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേസമയം, മുൻ പ്രധാനമന്ത്രിയുടെ രാജിയെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിന് പിന്നാലെ തെരുവുകളില്‍ നിന്ന് പിന്‍വലിഞ്ഞ പൊലീസ് ഒരാഴ്‌ചയ്‌ക്ക് ശേഷം പെട്രോളിങ് പുനരാരംഭിച്ചു.
Also Read:ഷെയ്ഖ് ഹസീനയുടെ വിസ റദ്ദാക്കിയെന്ന അഭ്യൂഹങ്ങളെ തള്ളി മകൻ: ഇടക്കാല സർക്കാർ ഭരണഘടന വിരുദ്ധമെന്നും സജീബ് വസീദ് ജോയ്