ടെൽ അവീവ്: ഹെല്ലനിസ്റ്റിക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന കുട്ടിയുടേതെന്ന് കരുതപ്പെടുന്ന 2,300 വർഷം പഴക്കമുള്ള സ്വർണ്ണ മോതിരം ജറുസലേമിലെ പുരാവസ്‌തു ഗവേഷകർ കണ്ടെത്തി. ചുവന്ന രത്‌നം പതിപ്പിച്ച മോതിരം കോട്ടങ്ങളൊന്നും സംഭവിക്കാതെ പുതിയത് പോലെയാണ് ഇരിക്കുന്നതെന്ന് ഇസ്രായേൽ ആൻ്റിക്വിറ്റീസ് അതോറിറ്റി (ഐഎഎ) പറഞ്ഞു.
പുരാവസ്‌തു ഗവേഷകയായ തെഹിയ ഗംഗേറ്റ് ഡേവിഡ് ആണ് മോതിരം കണ്ടെത്തിയത്. മോതിരത്തിൻ്റെ വലിപ്പം കുറവായതിനാൽ തന്നെ കുട്ടിയുടേതായിരിക്കുമെന്ന് ഗവേഷകർ അനുമാനിക്കുന്നു. ബിസി 300-നടുത്ത് പഴക്കമുള്ള മോതിരം ലോഹ വളയത്തിനു മുകളിൽ കനം കുറഞ്ഞ സ്വർണ്ണ ഇലകൾ വച്ചാണ് രൂപകല്പ്പന ചെയ്‌തിരിക്കുന്നത്.