സോൾ: ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ ഉണ്ടായ വിമാനാപകടത്തിൽ 96 പേർ മരിച്ചതായി റിപ്പോർട്ടുകൾ. 2 പേരെ രക്ഷപ്പെടുത്തി. 181 യാത്രക്കാരുമായി ബാങ്കോക്കിൽ നിന്നും തെക്കൻ നഗരമായ മുവാനിലെ വിമാനത്താവളത്തിൽ എത്തിയ ജെജു എയർ പാസഞ്ചർ വിമാനമാണ് അപകടത്തിൽ പെട്ടത്. റൺവേയിൽ നിന്നും തെന്നിമാറിയ വിമാനത്തിന് തീ പിടിക്കുകയായിരുന്നു. അപകടത്തിന്‍റെ കൃത്യമായ കാരണങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് എമർജൻസി ഉദ്യോഗസ്ഥർ പറഞ്ഞു.
വിമാനത്തിൽ നിന്നും കറുത്ത പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്‌തു. പ്രസിഡന്‍റ് യൂൻ സുക് യോളിന്‍റെ അപ്രതീക്ഷിതമായ പട്ടാള നിയമം നടപ്പിലാക്കലും തുടർന്നുണ്ടായ ഇംപീച്ച്‌മെന്‍റും സൃഷ്‌ടിച്ച രാഷ്ട്രീയ പ്രതിസന്ധിക്കിടയിലാണ് അപകടം. കഴിഞ്ഞ വെള്ളിയാഴ്‌ച ദക്ഷിണ കൊറിയൻ നിയമസഭാംഗങ്ങൾ ആക്‌ടിങ് പ്രസിഡന്‍റ് ഹാൻ ഡക്ക്-സൂവിനെ ഇംപീച്ച് ചെയ്യുകയും അദ്ദേഹത്തിന്‍റെ ചുമതലകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്‌തിരുന്നു.