ഹൈദരാബാദ്:ഭൂരിഭാഗം ആളുകളും പാൽ ഇഷ്‌ടമുള്ളവരും പാല്‍ കുടിക്കുന്നവരുമാണ്. എന്നാല്‍ പാല്‍ കുടിക്കുന്നത് ചിലപ്പോള്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. ഇത് പാലിന്‍റെ കുഴപ്പം കൊണ്ടല്ല. ശരീരത്തിലെ ചില പ്രത്യേകതകള്‍ കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. പാലില്‍ അടങ്ങിയിരിക്കുന്ന ഘടകമായ ലാക്ടോസ് ദഹിപ്പിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് പാല്‍ അപകടകാരിയായി മാറുന്നത്.
ചെറുകുടലിലെ ലാക്റ്റേസ് എൻസൈമാണ് ലാക്ടോസിനെ വിഘടിപ്പിച്ച് ദഹന പ്രക്രിയ പൂര്‍ത്തിയാക്കുന്നത് . എന്നാൽ നമ്മുടെ ശരീരത്തില്‍ ലാക്റ്റേസ് എൻസൈമിന്‍റെ ഉത്പാദനം സ്വാഭാവികമായും കുറയുന്നു. ചില ആളുകൾക്ക് ജനിതകപരമായി തന്നെ ലാക്റ്റേസിന്‍റെ അളവ് ഗണ്യമായി കുറയാനും സാധ്യതയുണ്ട്. ഇതുമൂലം പാൽ അല്‍പം കുടിച്ചാല്‍ പോലും ദഹിക്കില്ല.
ഇതിനെയാണ് ലാക്ടോസ് ഇൻടോളറൻസ് എന്ന് വിളിക്കുന്നത്. ലാക്റ്റേസ് എൻസൈം സാധാരണയായി പാലിനെ ഗ്ലൂക്കോസ്, ഗാലക്ടോസ്, ഷുഗർ എന്നീ ഘടകങ്ങളാക്കി വിഘടിപ്പിക്കുന്നു. ഇവ കുടലിൻ്റെ ഭിത്തികളിലൂടെ രക്തത്തിൽ പ്രവേശിക്കുന്നു. ലാക്റ്റേസ് എൻസൈം വേണ്ടത്ര ഉൽപ്പാദിപ്പിക്കപ്പെടുന്നില്ലെങ്കിൽ, ലാക്ടോസ് നേരിട്ട് വൻകുടലിലേക്ക് കടക്കുന്നു. അവിടെയുള്ള ബാക്‌ടീരിയകളുമായി ഇത് പ്രതിപ്രവർത്തിക്കുന്നു.