ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസറുകളിൽ ഒന്നാണ് ഓറൽ കാൻസർ അഥവാ വായയിലെ അർബുദം. നാക്ക്, വായുടെ കീഴ്‌ഭാഗം, അണ്ണാക്ക്, കവിളുകള്‍, മോണ, ചുണ്ട് എന്നിവിടങ്ങളിൽ കണ്ടുവരുന്ന അര്‍ബുദത്തെയാണ് ഓറൽ കാൻസർ എന്ന് വിളിക്കുന്നത്. വായിലെ കാൻസർ വ്യാപിക്കുന്നതിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്ന് പുകയില, മദ്യപാനം എന്നിവയുടെ അമിത ഉപയോഗമാണ്. എന്നാൽ ഇത്തരം ദുശീലങ്ങൾ ഇല്ലാത്തവരിലും ഓറൽ കാൻസർ കണ്ടുവരാറുണ്ട്. ഓറൽ കാൻസറിന്‍റെ ചില പൊതുവായ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വായിലെ വ്രണങ്ങൾ
ഓറൽ കാൻസറിന്‍റെ ഏറ്റവും പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് വായിൽ കാണപ്പെടുന്ന വ്രണങ്ങൾ. ചുണ്ടിലോ വയ്ക്കുള്ളിലോ രണ്ടാഴ്‌ചയിൽ കൂടുതൽ ഉണങ്ങാത്ത മുറിവുകൾ കണ്ടാൽ ഉടൻ തന്നെ ആരോഗ്യ വിദഗ്‌ധനെ സമീപിക്കുക.
വായിൽ രക്തം
അസാധാരണമായി വായിൽ നിന്ന് രക്തം കാണപ്പെടുകയോ ചുണ്ട്, നാവ് തുടങ്ങീ വായയ്ക്കകത്ത് എവിടെയെങ്കിലും കാണപ്പെടുന്ന ചുവന്നതോ വെളുത്തതോ ആയ പാടുകളും കാൻസറിന്‍റെ ലക്ഷണങ്ങളാകാം. ഇത് കാൻസറിന്‍റെ പ്രാരംഭ ലക്ഷണങ്ങളിൽ ഒന്നാണെന്ന് ദി ജേർണൽ ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
മുഴ, തടിപ്പ്
വായയിലോ ചുണ്ടിലോ തൊണ്ടയിലോ കഴുത്തിലോ കാണപ്പെടുന്ന മുഴ, തടിപ്പ് എന്നിവ വായയിലെ അർബുദത്തിന്‍റെ ലക്ഷണങ്ങളാകാം. ഓറൽ കാൻസറുള്ള 80% രോഗികളിലും ഈ ലക്ഷണം കണ്ടെത്തിയതായി 2017- ൽ കാൻസർ റിസർച്ചിൽ നടത്തിയ ഒരു അവലോകനത്തിൽ പറയുന്നു.