പ്രായമായവരിൽ മുടി നരയ്ക്കുന്നത് സാധാരണയാണ്. എന്നാൽ ചെറുപ്രായത്തിൽ തന്നെ സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന അകാലനര പലരുടെയും ആത്മസിശ്വാസത്തെ തന്നെ ഇല്ലാതാകുന്നു. അകാലനരയകറ്റാൻ വിപണിയിൽ നിരവധി മരുന്നുകൾ ലഭ്യമാണ്. ഇത് വാങ്ങി പരീക്ഷിക്കുന്ന ആളുകളും നിരവധിയാണ്. എന്നാൽ വിപണിയിൽ നിന്നും ലഭിക്കുന്ന ഹെയർ ഡൈ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ മുടിയ്ക്ക് താൽക്കാലിക കറുപ്പ് നൽകുമെങ്കിലും ക്രമേണ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. അതിനാൽ പാർശ്വഫലനങ്ങളൊന്നും ഇല്ലാതെ എങ്ങനെ മുടി കറുപ്പിക്കാമെന്നതിനെ കുറിച്ച് ഗവേഷകർ ചില പഠനങ്ങൾ നടത്തിയിരുന്നു.
മുടി സംരക്ഷണത്തിനും അകലനര അകറ്റാനും പ്രകൃതിദത്ത മാർഗങ്ങൾ സഹായിക്കുന്നുവെന്ന് വിദഗ്‌ധർ പറയുന്നു. മുടി കറുപ്പിക്കാൻ പ്രകൃതിദത്തമായ ഏറ്റവും നല്ല മാർഗമാണ് മൈലാഞ്ചിയുടെ ഉപയോഗം. മൈലാഞ്ചിയോടൊപ്പം രണ്ട് ചേരുവകൾ ചേർത്തുണ്ടാക്കുന്ന പാക്ക് മുടിയിൽ തേച്ചു പിടിപ്പിക്കുന്നതിലൂടെ നര അകറ്റാനാകുമെന്ന് വിദഗ്‌ധർ പറയുന്നു. പാക്ക് തയ്യാറാക്കാൻ ആവശ്യമായ ചേരുവകളെ കുറിച്ചും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം...
മഞ്ഞൾ: വെളുത്ത മുടി കറുപ്പിക്കാൻ മഞ്ഞൾ സഹായിക്കുമെന്ന് പഠനം പറയുന്നു. മഞ്ഞളിലെ ഇരുമ്പ്, ചെമ്പ്, ആൻ്റി ഓക്‌സിഡൻ്റുകൾ, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ മുടിയുടെ ആരോഗ്യം നിലനിർത്താനും കറുപ്പ് നിറമാക്കാനും സഹായിക്കുന്നുവെന്ന് വിദഗ്‌ധർ വിശദീകരിക്കുന്നു. കറുപ്പ് മാത്രമല്ല, മുടിക്ക് സ്വാഭാവിക തിളക്കം നൽകാനും അവ സഹായിക്കുമെന്ന് അഭിപ്രായമുണ്ട്.
2018-ൽ ജേർണൽ ഓഫ് കോസ്‌മെറ്റിക് സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, മഞ്ഞൾ മൈലാഞ്ചിപ്പൊടിയുമായി കലർത്തി മുടിയിൽ പുരട്ടുമ്പോൾ, അതിലെ പോഷകങ്ങൾ മുടിയുടെ വെളുത്ത നിറം മാറാൻ സഹായിക്കുമെന്ന് കണ്ടെത്തി. രാഷ്ട്ര സന്ത് തുക്കാഡോജി മഹാരാജ് നാഗ്‌പൂർ സർവകലാശാലയിലെ ഫാർമസ്യൂട്ടിക്കൽ സയൻസസിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ രവീന്ദ്ര ബി ഗോട്ടം ഈ ഗവേഷണത്തിന്‍റ ഭാഗമായിരുന്നു.
ആംല പൗഡർ (നെല്ലിക്ക പൊടി):കേശ സംരക്ഷണത്തിന് നെല്ലിക്ക വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആയുർവേദത്തിൽ പണ്ടുകാലം മുതലേ മുടിയുടെ ആരോഗ്യം നിലനിർത്താൻ നെല്ലിക്ക പൊടി ഉപയോഗിച്ചു വരുന്നു. വിറ്റാമിൻ സി, ആൻ്റി ഓക്‌സിഡൻ്റുകൾ, ആൻ്റി ഫംഗൽ ഗുണങ്ങൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. അതിനാൽ തന്നെ മുടിയുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നല്‌കാൻ ഇവയ്ക്ക് സാധിക്കുന്നു. താരൻ, മുടികൊഴിച്ചിൽ, അകാലനര എന്നിവയിൽ നിന്നും നെല്ലിക്ക സംരക്ഷണം നൽകുന്നു. അതുകൊണ്ട് നെല്ലിക്കയും മഞ്ഞളും മൈലാഞ്ചിപ്പൊടിയും ചേർത്തുണ്ടാക്കുന്ന മിശ്രിതം മുടിയിൽ പുരട്ടുന്നത് നരച്ച മുടി കറുപ്പിക്കാൻ സഹായിക്കുന്നു.
ഈ പാക്ക് ഉണ്ടാക്കുന്ന വിധം: മഞ്ഞളും നെല്ലിക്ക പൊടിയും നേരിട്ട് ഹെന്ന പൗഡറിൽ (മൈലാഞ്ചി പൊടി) മിക്‌സ് ചെയ്യരുത്. ഉപയോഗിക്കേണ്ട ശരിയായ രീതി എങ്ങനെയെന്ന് നോക്കാം...
ഇരുമ്പ് ചട്ടി ചൂടാക്കിയ ശേഷം ഒരു സ്‌പൂൺ മഞ്ഞളും രണ്ട് സ്‌പൂൺ അംല പൗഡറും ചേർത്ത് നന്നായി ഇളക്കുക. ഇവ രണ്ടും കറുപ്പ് നിറമാകുന്നതു വരെ വറുക്കണം. ശേഷം തീ അണച്ച് തണുക്കുന്നത് വരെ മാറ്റിയവയ്ക്കുക. മുടിയുടെ വലിപ്പമനുസരിച്ച് ആവശ്യത്തിന് മൈലാഞ്ചിപ്പൊടി എടുക്കണം. അതിലേക്ക് നേരത്തെ വറുത്തു വെച്ചിരിക്കുന്ന മഞ്ഞൾ, അംലപ്പൊടി മിശ്രിതം, കറ്റാർ വാഴ ജെൽ എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്‌താൽ പ്രകൃതിദത്ത ഹെയർ ഡൈ തയ്യാറാകും. ഈ മിശ്രിതം മുടിയിൽ പുരട്ടി 30 മിനിറ്റ് വയ്ക്കുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്‌ചയിൽ രണ്ടുതവണ ഈ ഹെയർ ഡൈ ഉപയോഗിച്ചാൽ വെളുത്ത മുടി ക്ഷണനേരം കൊണ്ട് പൂർണ്ണമായും കറുത്തതായി മാറുമെന്ന് ഗവേഷകർ പറയുന്നു. കൂടാതെ മുടിക്ക് നല്ല തിളക്കം നൽകാനും ഈ പാക്ക് സഹായിക്കുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: എല്ലുകളുടെ ബലം കൂട്ടണോ ? എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്താം ഈ നാല് ഭക്ഷണങ്ങൾ