ഇന്ത്യയിൽ ഫാറ്റി ലിവർ കേസുകൾ ഗണ്യമായി വർധിക്കുന്നതായാണ് സമീപകാലത്ത് നടത്തിയ ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വ്യായാമത്തിന്‍റെ അഭാവം, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവയെല്ലാം ഫാറ്റി ലിവറിനു കരണമാകുന്നവയാണ്. ജനിതകപരമായ ഘടകങ്ങളും ഇതിന് കരണമാകാറുണ്ടെന്ന് ഗവേഷർ പറയുന്നു.
ഉയർന്ന അളവിൽ കലോറി അടങ്ങിയതും പോഷകങ്ങൾ തീരെ കുറഞ്ഞതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കൂട്ടുകയും ദഹനക്കുറവിന് കാരണമാകുകയും ചെയ്യും. ഇത് ഫാറ്റി ലിവർ രോഗത്തിന്‍റെ സാധ്യത വർധിപ്പിക്കുമെന്ന് ഇന്‍റർവെൻഷണൽ എൻഡോസ്‌കോപ്പിസ്റ്റും ഹെപ്പറ്റോളജിസ്റ്റും കൺസൾട്ടന്‍റ് ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റുമായ ഡോ ശുഭ ഐ വിവേകൻ പറയുന്നു.
ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്ന ഘടകമാണ്. എന്നാൽ കരൾ രോഗങ്ങൾ പലപ്പോഴും തിരിച്ചറിയാൻ വൈകാറുണ്ട്. മിക്ക കേസുകളിലും രോഗം മൂർച്ഛിക്കുമ്പോൾ മാത്രമാണ് ലക്ഷണങ്ങൾ പ്രത്യക്ഷപെടാറുള്ളത്. കരൾ സംബന്ധമായ അസുഖങ്ങൾ നേരത്തെ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. ഇത് സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കും. ഫാറ്റി ലിവർ രോഗത്തിന്‍റെ പ്രധാന രോഗലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
കാലുകളിൽ നീര്
ഫാറ്റി ലിവർ ഡിസീസിന്‍റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് കാലുകളിൽ കാണപ്പെടുന്ന നീര്.
അടിവയറ്റിൽ വേദന
വയറു വേദന, വീർത്ത വയർ, വയറ്റിൽ പതിവായുള്ള അസ്വസ്ഥത, വയറിലെ വീക്കം, വലുതായ കരൾ എന്നിവ ഫാറ്റി ലിവറിന്‍റെ രോഗ ലക്ഷണങ്ങളാകാം.
മൂത്രത്തിലെ നിറ വ്യത്യാസം
മൂത്രത്തിൽ നിറ വ്യത്യാസം കാണപ്പെട്ടാൽ അത് നിസാരമാക്കരുത്. ഇതും ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയാകാം.