പോഷകങ്ങളുടെ കലവറയാണ് പേരക്ക. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്‌സിഡൻ്റുകൾ, നാരുകൾ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്. വിറ്റാമിൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. അണുബാധകളെ ചെറുക്കാനും മുറിവ് ഉണക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും പേരക്ക കഴിക്കുന്നത് ഗുണം ചെയ്യും. ഇതിനു പുറമെ പതിവായി പേരക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്ന് പരിചയപ്പെടാം.
കൊളസ്‌ട്രോൾ നിയന്ത്രിക്കും
പേരക്കയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ) കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ (എച്ച്‌ഡിഎൽ) വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് ദി ജേർണൽ ഓഫ് ക്ലിനിക്കൽ ബയോകെമിസ്ട്രി ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പേരക്ക ഗുണം ചെയ്യും.
രക്തസമ്മർദ്ദ നിയന്ത്രിക്കും
ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് സന്തുലിതമാക്കാൻ പേരക്ക സഹായിക്കും. ഇതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഗുണം ചെയ്യും.
ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ
ലൈക്കോപീൻ, ക്വെർസെറ്റിൻ, വൈറ്റമിൻ സി തുടങ്ങിയ ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് പേരക്ക. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
ദഹന ആരോഗ്യം
പേരക്കയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ദഹന പ്രശ്‌നങ്ങൾ അകറ്റാനും സഹായിക്കും. കുടലിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധ പ്രശ്‌നങ്ങൾ അകറ്റാനും പതിവായി പേരക്ക കഴിക്കുന്നത് ഗുണം ചെയ്യും.