വയറിനു ചുറ്റുമുള്ള കൊഴുപ്പ് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. എന്നാൽ ചാടിയ വയർ കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റും വ്യായാമവും പിന്തുടരുന്നവരാണ് പലരും. എന്നാൽ മിക്കവരുടെയും ശ്രമം വിഫലമാകാറാണ് പതിവ്. വയറ്റിലെ അമിത കൊഴുപ്പ് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിങ്ങനെ അനേകം ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നവയാണ്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രധാന വെല്ലുവിളി വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് തന്നെയാണ്. എന്നാൽ വയറു ചാടുന്നതിന്‍റെ യഥാർത്ഥ കാരണം എന്താണെന്ന് പലർക്കും അറിയില്ല. അമിതമായി ഭക്ഷണം കഴിക്കുന്നത് വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കുമെന്ന് മിക്കവർക്ക് അറിയാം. എന്നാൽ ഇതിനു പുറമെ മറ്റ് നിരവധി ഘടകങ്ങളും വയറിൽ കൊഴുപ്പ് വർധിക്കാൻ കാരണമാകാറുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...
വ്യായാമത്തിൻ്റെ അഭാവം: ആധുനിക യുഗത്തിൽ വ്യായാമം ചെയ്യാൻ മടിക്കുന്നവരാണ് ഭൂരിഭാഗവും. ഇത് അനാരോഗ്യകരമായ ശരീരഭാരം വർധിക്കാൻ ഇടയാകുന്നു. എന്നാൽ ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ വയറിനു ചുറ്റുമുള്ള കൊഴുപ്പ് കത്തിച്ചുകളയാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. അതിനാൽ വ്യായാമം ശീലമാക്കാൻ വിദഗ്‌ധർ നിർദേശിക്കുന്നു.
അനാരോഗ്യകരമായ ഭക്ഷണക്രമം: അനാരോഗ്യകരമായ ഭക്ഷണക്രമം വയറിന് ചുറ്റുമുള്ള തടി വർധിക്കാൻ കാരണമാകുന്നുവെന്ന് വിദഗ്‌ധർ പറയുന്നു. ശരീരത്തിന് ആവശ്യമായ അളവിനേക്കാൾ കൂടുതൽ കലോറി അടങ്ങിയ ഭക്ഷണമാണ് പലരും സ്ഥിരമായി കഴിക്കുന്നത്. ഇത് വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകുന്നു.
അമിതമായ മദ്യപാനം:കലോറി കൂടുതൽ അടങ്ങിയിരിക്കുന്ന ഒന്നാണ് മദ്യം. കൂടുതൽ അളവിലുള്ള മദ്യത്തിന്‍റെ ഉപയോഗം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇതിനുപുറമെ മരുന്ന് കഴിക്കുമ്പോൾ നോൺ വെജ് ഭക്ഷണം കഴിക്കുന്നവരാണ് പലരും. ഇത് വയറിനു ചുറ്റും കൊഴുപ്പ് വർധിക്കാൻ കരണമാകുന്നുവെന്നും വിദഗ്‌ധർ പറയുന്നു.