കഴുത്തിന്റെ മുൻഭാഗത്ത് ചിത്രശലഭത്തിൻ്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് തൈറോയ്‌ഡ്. തൈറോയ്‌ഡ് ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് തൈറോയ്‌ഡ് രോഗങ്ങൾ അധികമായി കണ്ടുവരുന്നത്. എന്നാൽ ലിംഗ വ്യത്യാസമില്ലാതെ എല്ലാ പ്രായക്കാരെയും തൈറോയ്‌ഡ് രോഗങ്ങൾ ബാധിക്കുന്നു.
തലച്ചോറ്, ഹൃദയം, പേശികൾ തുടങ്ങിയ എല്ലാ അവയവങ്ങളുടെയും ശരിയായ പ്രവർത്തനത്തെ സ്വാധീനിക്കുന്നതിൽ തൈറോയ്‌ഡ് ഗ്രന്ഥി ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ ഉപാപചയ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്തിലും നിർണായക പങ്കാണ് ഇത് വഹിക്കുന്നത്. എന്നാൽ തൈറോയ്‌ഡ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന തൈറോക്‌സിൻ ഹോർമോണിന്‍റെ അളവിൽ വ്യതിയാനം സംഭവിച്ചാൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രശസ്‌ത പ്രമേഹ രോഗ വിദഗ്‌ധൻ ബി വി റാവു പറയുന്നു.
തൈറോയ്‌ഡ് രോഗത്തെ തിരിച്ചറിയാതെ പോകുന്നതാണ് രോഗം സങ്കീർണമാകുന്നതിന്‍റെ ഒരു പ്രധാന കാരണമെന്ന് ഡോക്‌ടർമാർ പറയുന്നു. എന്നാൽ നിങ്ങൾക്ക് തൈറോയ്‌ക് രോഗം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? ശരീരഭാരം കൂടുന്നത് തൈറോയ്‌ഡ് രോഗം മൂലമാണോ ? അറിയാം വിശദമായി.
തൈറോയ്‌ഡ് രോഗം രണ്ടുതരത്തിലുണ്ട്
- ഹൈപ്പർ തൈറോയിഡിസം
- ഹൈപ്പോ തൈറോയിഡിസം
തൈറോയ്‌ഡ് ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഹൈപ്പർതൈറോയിഡിസം. എന്നാൽ ഹോർമോൺ ഉൽപ്പാദനം സാധാരണത്തേക്കാൾ കുറയുന്ന അവസ്ഥയെ ഹൈപ്പോതൈറോയിഡിസം എന്നും വിളിക്കുന്നു.