മിക്കവരും നേരിടുന്ന ഒരു പ്രശ്‌നമാണ് വയറിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ്. വ്യായാമ കുറവ്, ജീവിതശൈലിയിലെ മാറ്റങ്ങൾ, മോശം ഭക്ഷണക്രമം എന്നിവയെല്ലാം വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ കരണമാകുന്നവയാണ്. എന്നാൽ ഇത് പരിഹരിക്കുന്നതിനായി ജിമ്മിൽ പോയി വർക്ക്ഔട്ട് ചെയ്യാൻ എല്ലാവർക്കും സാധിച്ചെന്ന് വരില്ല. വ്യായാമം ചെയ്യാതെ തന്നെ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ചില മാർഗങ്ങളുണ്ട്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
വയറ്റിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും പ്രോട്ടീൻ സഹായിക്കും.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ
ലയിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇത് ശരീരത്തിലേക്ക് കൊഴുപ്പ് ആഗിരണം ചെയ്യുന്നത് കുറയ്ക്കാൻ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും വിശപ്പ് നിയന്ത്രിക്കാനും നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അതിനാൽ ഓട്‌സ്, ഫ്ലാക്‌സ് സീഡുകൾ, അവാക്കാഡോ, പയർവർഗങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
ധാരാളം വെള്ളം കുടിക്കുക
ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. വയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാൻ ഇത് സഹായിക്കും. ശരീരത്തിലെ വിഷവസ്‌തുക്കളെ പുറന്തള്ളാനും ദഹനം മെച്ചപ്പെടുത്താനും വെള്ളം പ്രധാന പങ്ക് വഹിക്കുന്നു. വിശപ്പ് നിയന്ത്രിക്കാനും ഇത് ഗുണകരമാണ്. അതിനാൽ ദിവസേന കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
നല്ല ഉറക്കം
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. ഉറക്കക്കുറവ് ഉണ്ടാകുമ്പോൾ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകൾ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുകയും അമിത വിശപ്പ് അനുഭവപ്പെടുകയും ചെയ്യും. ഇത് അമിതമായി ഭക്ഷണം കഴിക്കാൻ ഇടയാക്കും. അതിനാൽ ദിവസേന കുറഞ്ഞത് 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ലഭ്യമാക്കുക.
ഉപവാസം
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇടവിട്ടുള്ള ഉപവാസം. ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ഒബേസിറ്റിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
അമിത അളവിൽ ഭക്ഷണം കഴിക്കാതിരിക്കുക
വയറിലെ കൊഴുപ്പ് വർധിക്കാതിരിക്കാനും ശരീരഭാരം കുറയ്ക്കാനും ഭക്ഷണത്തിന്‍റെ അളവ് കുറയ്‌ക്കേണ്ടത് പ്രധാനമാണ്. അതിനാൽ ഭക്ഷണം കഴിക്കാനായി ചെറിയ പ്ലേറ്റുകൾ തെരഞ്ഞെടുക്കുക. ഇത് കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.