ശൈത്യകാലമാണ് വരാൻ പോകുന്നത്. തണുപ്പ് കാലത്ത് കുളിക്കാൻ പൊതുവെ മടിയുള്ളവരായിരിക്കും പലരും. അതും തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്. അതിനാൽ തണുപ്പുള്ളപ്പോൾ കുളിക്കനായി പലരും ചൂടുവെള്ളം ഉപയോഗിക്കുന്നവരാണ്. ജലദോഷം, കഫക്കെട്ട്, പനി തുടങ്ങിയ പ്രശ്‌നങ്ങൾ ഉള്ളപ്പോഴും ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. ഇത് ശരീര ഊഷ്‌മാവ് വർധിപ്പിക്കും. അതേസമയം ചൂടുവെള്ളത്തിനായി പലരും ഹീറ്റർ, ഗെയ്‌സർ എന്നിവയാണ് ഉപയോഗിക്കാറ്. എന്നാൽ ഗെയ്‌സറിലെ ചൂടുവെള്ളം ഉപയോഗിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഗെയ്‌സറിലെ വെള്ളത്തിന്‍റെ ദോഷവശങ്ങളെ കുറിച്ചറിയാം.
രക്തസമ്മർദ്ദം വർദ്ധിക്കും
ഗെയ്‌സറിലെ ചൂട് വെള്ളത്തിൽ കുളിക്കുന്നത് ശരീര താപനില വർദ്ധിക്കാൻ ഇടയാകും. ഇത് രക്തക്കുഴലുകൾ ചുരുങ്ങാൻ ഇടയാക്കുകയും രക്തസമ്മർദ്ദം ഉയരാൻ കാരണമാകുകയും ചെയ്യും. ഇത് ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകളെ അപകടത്തിലേക്ക് നയിക്കും. ഇതിനു പുറമെ ഹൃദയമിടിപ്പിനെ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ അധികം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്‌ധർ നിർദേശിക്കുന്നു. രക്തസമ്മർദ്ദമുള്ളവരും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുള്ളവും ഗെയ്‌സറിലെ ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക.
പേശികളെ ബാധിക്കും
പതിവായി ചൂടുവെള്ളത്തിൽ കുളിക്കുന്നത് സന്ധികളിലും പേശികളിലും സമ്മർദ്ദം ചെലുത്താൻ കാരണമാകും. ഇത് പേശി സംബന്ധമായ പ്രശ്‌നങ്ങൾക്ക് ഇടയാക്കും.
പ്രത്യുൽപാദനക്ഷമതയെ ബാധിക്കും
ഗെയ്‌സറിലെ ചൂടുവെള്ളത്തിൽ 30 മിനിറ്റിൽ കൂടുതൽ സമയമെടുത്ത് കുളിക്കുന്നത് പ്രത്യുൽപാദനക്ഷമതയെ ബാധിക്കും. അധികം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ബീജങ്ങളെ ദുർബലമാക്കുകയും ഉൽപാദന ക്ഷമതയെ കുറയാനും കാരണമാകും.