കേരളം

kerala

ETV Bharat / health

സംസ്ഥാനത്ത് വീണ്ടും എംപോക്‌സ്; എറണാകുളം സ്വദേശി ചികിത്സയില്‍ - Second Mpox Case Reported In Kerala

വിദേശത്ത് നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.

MPOX CASE CONFIRMED IN KERALA  KERALA SECOND MPOX CASE  മങ്കിപോക്‌സ്  സംസ്ഥാനത്ത് വീണ്ടും എംപോക്‌സ്
Representational Image (ETV Bharat)

By ETV Bharat Health Team

Published : Sep 27, 2024, 12:34 PM IST

എറണാകുളം:കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മലപ്പുറം സ്വദേശിയായ 38കാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് ക്ലേഡ് വണ്‍ ബി വകഭേദമാണ് ബാധിച്ചതെന്നും പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയ യുവാവ് ശക്തമായ പനിയും അനുബന്ധ രോഗലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.

എന്താണ് എംപോക്‌സ്?ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

രോഗ പകര്‍ച്ച എങ്ങനെ:കൊവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എംപോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്‌പര്‍ശിക്കുക, ലൈംഗിക ബന്ധം, രോഗിയുടെ കിടക്ക, വസ്ത്രം എന്നിവ സ്‌പര്‍ശിക്കുക, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

രോഗ ലക്ഷണങ്ങള്‍:പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് രോഗത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്‌ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

പ്രതിരോധം ഇങ്ങനെ:രോഗികളുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്ത് ഇടപഴകുന്നവര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

Also Read: 'ക്ലേഡ് 1 എം പോക്‌സിന്‍റെ ഗുരുതരമായ വകഭേദം': മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ABOUT THE AUTHOR

...view details