ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ആരോഗ്യ മേഖലയില്‍ 382 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) സമർപ്പിച്ച 14 റിപ്പോർട്ടുകളിൽ ഒരു റിപ്പോര്‍ട്ട് ഈ അഴിമതിയാണ് ചൂണ്ടിക്കാട്ടുന്നത് എന്ന് അജയ് മാക്കന്‍ പറഞ്ഞു.
ഡല്‍ഹിയില്‍ മൂന്ന് ആശുപത്രികൾക്കായി ടെൻഡറിനേക്കാൾ 382.52 കോടി രൂപ അധികമായി ചെലവഴിച്ചു എന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് അരവിന്ദ് കെജ്‌രിവാൾ സിഎജി റിപ്പോർട്ട് വിധാൻസഭയിൽ അവതരിപ്പിക്കാൻ അനുവദിക്കാത്തത്. സിഎജി റിപ്പോർട്ട് നിർത്തിവെക്കാൻ കാരണമായതും ഇതാണെന്ന് അജയ് മാക്കന്‍ പറഞ്ഞു. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രിക്ക് 314 കോടി രൂപ, ബുരാരി ആശുപത്രിക്ക് 41 കോടി രൂപ, മൗലാന ആസാദ് ഡെന്‍റൽ ആശുപത്രിക്ക് 26 കോടി രൂപ എന്നിങ്ങനെയാണ് അധികമായി ചെലവഴിച്ചത് എന്നും മാക്കന്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'അഴിമതിക്കെതിരെ പോരാടുമെന്ന അടിസ്ഥാനത്തിലാണ് കെജ്‌രിവാള്‍ തന്‍റെ പാർട്ടി ആരംഭിച്ചത്. അന്ന്, സിഎജി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം കോൺഗ്രസിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചത്. ഇന്ന്, അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്ന 14 സിഎജി റിപ്പോർട്ടുകൾ ഉണ്ട്. അത്തരമൊരു സിഎജി റിപ്പോർട്ടിലാണ് അരവിന്ദ് കെജ്‌രിവാള്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാണിക്കുന്നത്. 382 കോടി രൂപയുടെ അഴിമതിയാണ് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.'- അജയ് മാക്കൻ പറഞ്ഞു.
'ഡല്‍ഹിയില്‍ ഒരു ദശകത്തിനുള്ളിൽ മൂന്ന് ആശുപത്രികൾ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ എന്ന് സിഎജി റിപ്പോര്‍ട്ട് പറയുന്നു. ഇത് മൂന്നും കോണ്‍ഗ്രസിന്‍റെ കാലത്ത് ആരംഭിച്ചതാണ്. ഇന്ദിരാഗാന്ധി ആശുപത്രിയി പൂര്‍ത്തിയാകാന്‍ അഞ്ച് വർഷം എടുത്തു. ബുരാരി ആശുപത്രി ആറ് വർഷവും മൗലാന ആസാദ് ഡെന്‍റൽ ആശുപത്രി മൂന്ന് വർഷവും വൈകിയെന്നും' മാക്കന്‍ പറഞ്ഞു.
ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രിക്ക് 314 കോടി രൂപ കൂടി ചെലവഴിച്ചു, തുടർന്ന് ബുരാരി ആശുപത്രിക്ക് 41 കോടി രൂപയും മൗലാന ആസാദ് ഡെന്‍റൽ ആശുപത്രിക്ക് 26 കോടി രൂപയും അധികമായി ചെലവഴിച്ചു. 2016-17 മുതൽ 2021-22 വരെയുള്ള കാലയളവിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ച 2,623 കോടി രൂപ ചെലവഴിക്കാത്തതിനാൽ ലാപ്‌സ് ആയെന്നും മാക്കന്‍ ചൂണ്ടിക്കാട്ടി.
കോവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രം നൽകിയ 653 കോടി രൂപ ഗ്രാന്‍റിൽ 360 കോടി രൂപ ചെലവഴിച്ചിട്ടില്ലെന്നും മാക്കൻ പറഞ്ഞു. പ്രഖ്യാപിച്ച 32,000 കിടക്കകൾക്ക് പകരം ആം ആദ്‌മി സർക്കാർ 1,235 മെഡിക്കൽ കിടക്കകൾ സ്ഥാപിക്കുക മാത്രമാണ് ചെയ്‌തതെന്നും അജയ് മാക്കൻ ചൂണ്ടിക്കാട്ടി. ഇവയെല്ലാം സിഎജി റിപ്പോർട്ടിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അജയ് മാക്കൻ പറഞ്ഞു.
രാജീവ് ഗാന്ധി, ജനക്പുരി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ 50 മുതൽ 74 ശതമാനം വരെ ഡോക്‌ടർമാരുടെ കുറവുണ്ടെന്നും നഴ്‌സിങ് സ്‌റ്റാഫിന്‍റെ കുറവ് 73 മുതൽ 96 ശതമാനം വരെയാണെന്നും മാക്കൻ കൂട്ടിച്ചേർത്തു.