മുംബൈ: റീച്ചാർജ് വാലിഡിറ്റി തീർന്ന ശേഷം പുതിയ റീച്ചാർജ് ചെയ്യാനാകാതെ വരുമ്പോൾ സിം ഡീആക്‌റ്റിവേറ്റ് ചെയ്യുന്നത് പലപ്പോഴും തലവേദനയാകാറുണ്ട്. ഇത് നമ്മുടെ ഫോൺ നമ്പർ നഷ്‌ട്ടമാവുന്നതിന് വരെ കാരണമാവും. എന്നാൽ ഇനി മുതൽ റീച്ചാർജ് ഓഫർ തീർന്നാലും 90 ദിവസത്തേക്ക് സിം ആക്‌റ്റീവ് ആയി നിലനിർത്തണമെന്നാണ് ടെലികോം കമ്പനികൾക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മാർഗനിർദേശം നൽകിയിരിക്കുന്നത്. ജിയോ, എയർടെൽ, വിഐ, ബിഎസ്‌എൻഎൽ തുടങ്ങിയ എന്നിവയുൾപ്പെടെയുള്ള ടെലികോം ദാതാക്കൾക്ക് ഇതുസംബന്ധിച്ച് ട്രായ് മാർഗനിർദേശം നൽകിയിട്ടുണ്ട്.
അതേസമയം റീച്ചാർജ് പ്ലാനുകൾ കഴിഞ്ഞ് നിശ്ചിത ദിവസത്തിന് ശേഷം ഇൻകമിങ് കോൾ സേവനങ്ങൾ തടസ്സപ്പെടുമെന്നതിൽ വ്യത്യാസമില്ല. ഇൻകമിങ് കോൾ സേവനങ്ങൾ തടസ്സപ്പെടുന്നത് ഓരോ സിമ്മിനും മുമ്പത്തെ റീച്ചാർജ് പ്ലാനുകൾ അനുസരിച്ച് വ്യത്യാസപ്പെടും. എയർടെൽ, ജിയോ, വിഐ, ബിഎസ്‌എൻഎൽ തുടങ്ങിയ പ്രമുഖ ടെലികോം ദാതാക്കളുടെ സിം വാലിഡിറ്റി എത്ര ദിവസം വരെ ലഭിക്കുമെന്നും സിം ഡീആക്‌റ്റിവേറ്റ് ആകാതെയിരിക്കാൻ ചെയ്യേണ്ട റീച്ചാർജ് പ്ലാൻ എത്ര രൂപയുടേതെന്നും പരിശോധിക്കാം.
എയർടെൽ സിം വാലിഡിറ്റി: ഇനി മുതൽ നിങ്ങളുടെ എയർടെൽ റീച്ചാർജ് പ്ലാൻ തീർന്നതിന് ശേഷവും 90 ദിവസം വരെ സിം വാലിഡിറ്റി ആസ്വദിക്കാനാകും. ഇതിന് ശേഷം 15 ദിവസത്തെ സമയം ലഭിക്കും. ഈ സമയത്തും നിങ്ങൾ റീച്ചാർജ് ചെയ്‌തില്ലെങ്കിൽ നിങ്ങളുടെ സിം ഡീആക്‌റ്റിവേറ്റ് ചെയ്യപ്പെടും. ഈ സമയപരിധിക്കുള്ളിൽ നിങ്ങൾ റീച്ചാർജ് ചെയ്‌തില്ലെങ്കിൽ നമ്പർ ഡീആക്‌റ്റിവേറ്റ് ചെയ്യപ്പെടുകയും മറ്റാർക്കെങ്കിലും നൽകുകയും ചെയ്യും.
ജിയോ സിം വാലിഡിറ്റി: നിങ്ങളൊരു ജിയോ ഉപയോക്താവാണെങ്കിൽ, ഒരു റീച്ചാർജ് പ്ലാൻ കഴിഞ്ഞതിന് ശേഷം റീചാർജ് ചെയ്യാതെ തന്നെ 90 ദിവസത്തേക്ക് നിങ്ങളുടെ സിം സജീവമായി നിലനിർത്താനാകും. ഇനി നിങ്ങൾ 90 ദിവസത്തിന് ശേഷവും റീച്ചാർജ് ചെയ്‌തില്ലെങ്കിൽ റീആക്‌ടീവേഷൻ പ്ലാനുകൾ തെരഞ്ഞെടുക്കേണ്ടി വരും. റീച്ചാർജ് ചെയ്യാത്ത പക്ഷം സിം ഡീആക്‌റ്റിവേറ്റ് ആവുകയും നമ്പർ തന്നെ നഷ്‌ടമാവുകയും ചെയ്യും.
വോഡഫോൺ സിം വാലിഡിറ്റി: വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്കും റീചാർജ് ചെയ്യാതെ തന്നെ 90 ദിവസത്തേക്ക് സിം സജീവമായി നിലനിർത്താൻ സാധിക്കും. ഇതിനു ശേഷം സിം സജീവമായി നിലനിർത്താൻ കുറഞ്ഞത് 49 രൂപയെങ്കിലും റീച്ചാർജ് ചെയ്യണം.
ബിഎസ്‌എൻഎൽ സിം വാലിഡിറ്റി: ഏറ്റവും ദൈർഘ്യമേറിയ സിം വാലിഡിറ്റി നൽകുന്നത് ബിഎസ്‌എൻഎൽ ആണ്. റീച്ചാർജ് പ്ലാൻ തീർന്നതിന് ശേഷം 180 ദിവസത്തെ കാലാവധിയാണ് ബിഎസ്‌എൻഎൽ നൽകുന്നത്. റീച്ചാർജ് പ്ലാൻ കഴിഞ്ഞ് 90 ദിവസത്തിന് ശേഷം 20 രൂപ പ്രീപെയ്‌ഡ് ബാലൻസ് ഉണ്ടെങ്കിൽ 30 ദിവസം വരെ അധികം ലഭിക്കും. ഇതിനു ശേഷം മാത്രമേ സിം ഡിആക്‌റ്റിവേറ്റ് ആവുകയുള്ളൂ. അതേസമയം മതിയായ ബാലൻസ് ഇല്ലെങ്കിൽ സിം ഡിആക്‌റ്റിവേറ്റ് ചെയ്യും.
ഫോണിൽ രണ്ട് സിം നിലനിർത്തുന്നവർക്ക് പ്രയോജനപ്പെടുന്നതാണ് ടെലികോം അതോറിറ്റിയുടെ പുതിയ നിർദേശം. ഒരു സിം സ്ഥിരമായി ഉപയോഗിക്കുകയും രണ്ടാമത്തെ സിം നമ്പർ നഷ്‌ടമാവാതിരിക്കാനോ മാത്രം റീച്ചാർജ് ചെയ്യുന്നവർക്ക് ഇത് തീർത്തും പ്രയോജനം ചെയ്യും.
Also Read:
- ലാഭം ജിയോയോ എയർടെലോ? 200 രൂപയ്‌ക്ക് താഴെ മികച്ച റീച്ചാർജ് പ്ലാനുകൾ നൽകുന്നതാര്?
- 'കുംഭമേള' എന്ന് ഗൂഗിളിൽ തിരയൂ... കാണാം പുഷ്‌പവൃഷ്‌ടി: സ്‌പെഷ്യൽ ആനിമേഷനുമായി ഗൂഗിൾ
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് ഉടനെത്തും: ഫോട്ടോഗ്രഫിക്കായി ഈ എഐ ഫീച്ചറുകൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് വിപണിയിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം: പ്രതീക്ഷിക്കാവുന്ന വിലയും സവിശേഷതകളും
- വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം: സാംസങ് ഗാലക്‌സി എസ് 25 സീരീസിന്‍റെ വില ചോർന്നു