കേരളം

kerala

ETV Bharat / health

പ്രമേഹ രോഗികള്‍ക്ക് ആശ്വാസ വാര്‍ത്ത; ശരീരത്തിലെ മുറിവുണക്കാന്‍ നൂതന ഡ്രസിങ്, കേരള സര്‍വകലാശാലയ്‌ക്ക് പേറ്റന്‍റ് - DIABETIC WOUND TREATMENT

മുറിവുണങ്ങാത്ത പ്രമേഹ രോഗികള്‍ക്ക് ശുഭവാര്‍ത്ത. നൂതന സാങ്കേതിക വിദ്യയില്‍ പേറ്റന്‍റ് നേടി കേരള സര്‍വകലാശാല. മുറിവുണക്കാന്‍ നൂതന ഡ്രസിങ് സംവിധാനം വികസിപ്പിച്ചത് ഡോ മിനി എസും ഗവേഷക വിദ്യാര്‍ത്ഥിനി റുമൈസയും ചേർന്ന്.

WOUND TREATMENT FOR DIABETICS  NEW TREATMENT FOR DIABETIC WOUND  പ്രമേഹ മുറിവുണക്കാൻ ഡ്രസിംങ്  New dressing for diabetic wounds
Professor Mini S & Research Scholar Fathima Rumaisa (ETV Bharat)

By ETV Bharat Health Team

Published : Oct 30, 2024, 10:39 PM IST

തിരുവനന്തപുരം :ശരീരത്തിലെ മുറിവ് മതി പ്രമേഹ രോഗികളുടെ ജീവിതം തന്നെ ഇരുട്ടിലാകാന്‍. പ്രമേഹ രോഗം തിരിച്ചറിഞ്ഞ കാലം മുതല്‍ ആരോഗ്യ മേഖലയ്ക്ക് തീരാതലവേദനയായിരുന്നു മുറിപ്പെടുന്ന പ്രമേഹ രോഗികള്‍. ആരോഗ്യ മേഖലയെ നൂറ്റാണ്ടുകള്‍ കുഴക്കിയ ഈ ഗുരുതര പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കേരള സര്‍വകലാശാലയിലെ ബയോ കെമിസ്ട്രി വിഭാഗം ഗവേഷകയും അധ്യാപികയുമായ ഡോ.മിനി എസും ഗവേഷക വിദ്യാര്‍ഥിനി റുമൈസയും.

ചെടികളിലും ഓട്ട്‌സ്, ധാന്യങ്ങള്‍, മുന്തിരി എന്നിവയില്‍ കാണുന്ന ഫെറൂലിക് ആസിഡും അമിനോ അസിഡായ എല്‍ പ്രൊലിനും അടങ്ങിയ ഹൈഡ്രോജെല്‍ ഉപയോഗിച്ചുള്ള ഈ ന്യൂതന ചികിത്സ രീതി പ്രമേഹ രോഗിയുടെ ശരീരത്തിലെ മുറിവുണക്കാന്‍ ഇന്ന് ലോകത്ത് നിലനിൽക്കുന്ന മറ്റ് ചികിത്സ രീതിയെക്കാള്‍ ഫലപ്രദമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ.മിനി ഇടിവി ഭാരതിനോട് പറഞ്ഞു.

പ്രമേഹം ജീവിതകാലം മുഴുവന്‍ ഒരാളെ പിന്തുടരും. വര്‍ഷങ്ങളായി പ്രമേഹമുള്ളവര്‍ക്കാകും ഈ ചികിത്സ രീതി കൂടുതല്‍ ഗുണപ്രദമാവുക. എല്ലാ മുറിവുകളിലും ഇതുപയോഗിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. ആഴത്തിലുള്ള മുറിവുകളില്‍ പ്ലാസ്റ്റിക് ഫിലിമിന്‍റെ രൂപത്തിലുള്ള ഫെറുലിക് ആസിഡും എല്‍ പ്രൊലിനും അടങ്ങിയ ആള്‍ജനേറ്റ് ഡയാല്‍ഡിഹൈഡ് ജലാറ്റിന്‍ ഹൈഡ്രോജെല്‍ ഉപയോഗിച്ചാല്‍ വളരെ വേഗം മുറിവ് സുഖപ്പെടുമെന്ന് നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു.

എലിയിലെ പ്രമേഹ മുറിവ് (ETV Bharat)

എലികളിലായിരുന്നു ആദ്യം മരുന്ന് പരീക്ഷിച്ചത്. അനിമല്‍ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതിയോടെ എലികളില്‍ പ്രമേഹ രോഗമുണ്ടാക്കിയ ശേഷമായിരുന്നു പരീക്ഷണങ്ങള്‍. നിലവിലുള്ള സമാനമായ ചികിത്സ രീതികളില്‍ പ്രമേഹ രോഗിയുടെ ശരീരത്തില്‍ മുറിപ്പാട് ശേഷിക്കും. എന്നാല്‍ കേരള സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഈ ചികിത്സ രീതി മുറിപ്പാടുപോലും അവശേഷിപ്പിക്കില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആഴത്തിലുള്ള മുറിവുകള്‍ ഡ്രസ് ചെയ്യുമ്പോള്‍ രോഗിക്ക് വലിയ വേദനയുണ്ടാകും. എന്നാല്‍ ഈ മരുന്നുപയോഗിക്കുമ്പോള്‍ 3 ദിവസം കൂടുമ്പോള്‍ മാത്രം ഡ്രസിങ് അഴിച്ചു മാറ്റി ക്ലീന്‍ ചെയ്‌താല്‍ മതിയാകും. ഡ്രസ് ചെയ്‌ത ശേഷം കാലപഴക്കവും ആഴമുള്ളതുമായ മുറിവുകളാണെങ്കില്‍ പ്ലാസ്റ്റിക് ഫിലിമിന്‍റെ രൂപത്തിലുള്ള ഹൈഡ്രോജെല്‍ നീല നിറമാകും. മുറിവുണങ്ങുകയാണെങ്കില്‍ നിറവ്യത്യാസമുണ്ടാകില്ല. രക്തയോട്ടം വര്‍ധിച്ച് മുറിവുണങ്ങാന്‍ ഈ മരുന്നിന്‍റെ ഉപയോഗം സഹായിക്കുമെന്നും ഡോ.മിനി എസ് വ്യക്തമാക്കി.

മനുഷ്യരില്‍ പരീക്ഷിച്ച ശേഷം വിപണിയിലേക്ക്

പ്രീ ക്ലിനിക്കല്‍ പഠനങ്ങള്‍ പൂര്‍ത്തിയായി രണ്ടാം ഘട്ടമാണ് മനുഷ്യരില്‍ പരീക്ഷിക്കുകയെന്നും ഡോ.മിനി പറയുന്നു. ഗവേഷക ലാബിലെ എലികളില്‍ നടത്തിയ പഠനങ്ങളാണ് ഇപ്പോള്‍ വിജയം കണ്ടത്. ഇതിനാണ് പേറ്റന്‍റ് ലഭിക്കുന്നത്. അടുത്ത ഘട്ടം മനുഷ്യരിലുള്ള പരീക്ഷണമാണ്. മൃഗത്തിലായാലും മനുഷ്യനിലായാലും മരുന്ന് പരീക്ഷിക്കുമ്പോള്‍ എത്തിക്‌സ് കമ്മിറ്റികളുടെ അനുമതി ആവശ്യമാണ്.

മൃഗങ്ങളില്‍ പഠനം നടത്താന്‍ അനിമല്‍ എത്തിക്‌സ് കമ്മിറ്റിയും മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ ഹ്യൂമന്‍ എത്തിക്‌സ് കമ്മിറ്റിയുടെയും അനുമതി നിയമപരമായ അത്യാവശ്യമാണ്. പ്രീ ക്ലിനിക്കല്‍ പഠനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഇനി ഹ്യൂമന്‍ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതിയോടെയായിരിക്കും മനുഷ്യരിൽ തുടര്‍ പഠനങ്ങള്‍ നടത്തേണ്ടതെന്നും ഡോ.മിനി എസ് പറഞ്ഞു.

Also Read: പ്രമേഹ രോഗികളുടെ മുറിവുണക്കാനുള്ള ഡ്രസിങ്ങിന് പേറ്റന്‍റ്; അതുല്യനേട്ടമെന്ന് മന്ത്രി ആർ ബിന്ദു

ABOUT THE AUTHOR

...view details