കീമോതെറാപ്പിയുടെ സമയത്ത് ക്യാൻസർ രോഗികളുടെ ആരോഗ്യം നിരീക്ഷിക്കാൻ പുതിയ കണ്ടുപിടിത്തവുമായി യുഎസ് ആസ്ഥാനമായുള്ള സ്ഥാപനമായ ല്യൂക്കോ. മസാച്യുസെറ്റ്‌സ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നടത്തിയ ഗവേഷണത്തിലാണ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്. ഈ ഉപകരണത്തിലൂടെ രക്തപരിശോധന നടത്താതെ തന്നെ ക്യാൻസർ രോഗികളിൽ ശ്വേത രക്താണു കുറയുന്നുണ്ടോ എന്ന് പരിശോധിക്കാനാവും. ക്യാൻസർ രോഗികളുടെ ജീവന് തന്നെ ഭീഷണിയായ അണുബാധകളെ ഇതുവഴി കണ്ടെത്താനാകും. ഇത് ക്യാൻസർ ചികിത്സയിൽ നിർണായകമാവും.
കാൻസർ ബാധിത കോശങ്ങളിൽ കീമോ തെറാപ്പി നടത്തുമ്പോൾ ക്യാൻസർ കോശങ്ങളോടൊപ്പം രോഗപ്രതിരോധ കോശങ്ങളും, ചില സന്ദർഭങ്ങളിൽ, രോഗിയുടെ ശ്വേത രക്താണുക്കളും നശിക്കാനിടയുണ്ട്. ഇത്തരത്തിൽ ശ്വേത രക്താണുക്കളുടെ അളവ് കുറയുന്ന അവസ്ഥയാണ് ന്യൂട്രോപീനിയ. സാധാരണ കീമോതെറാപ്പിയുടെ സമയത്ത് രോഗിയുടെ ശ്വേത രക്താണുക്കൾ പരിശോധിക്കാനുള്ള ഏക മാർഗം രക്തപരിശോധനയാണ്. എന്നാൽ പുതുതായി വികസിപ്പിച്ചെടുത്ത ഉപകരണം വഴി രക്തപരിശോധനയില്ലാതെ തന്നെ ശ്വേത രക്താണുക്കളെ നിരീക്ഷിക്കാം.