ചൈനയില്‍ പിടിമുറുക്കി പുതിയ വൈറസ്. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV) മൂലമുണ്ടാകുന്ന അണുബാധയാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൈനയുടെ വടക്കൻ പ്രവിശ്യകളിലാണ് രോഗം വ്യാപിക്കുന്നത്.
14 വയസിന് താഴെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സ്ക്രീനിങ്, ഐസൊലേഷൻ പ്രോട്ടോക്കോൾ എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ ചൈനീസ് സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
എന്താണ് ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് ? എന്തുകൊണ്ട് പടരുന്നു?
മിക്ക വ്യക്തികളിലും നേരിയ ജലദോഷം പോലുള്ള ലക്ഷണങ്ങൾക്ക് കാരണമാകുന്നതാണ് ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV). എന്നാൽ കുട്ടികൾ, പ്രായമായവർ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവർ തുടങ്ങിയവരില്‍ ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമായേക്കാം.
ചൈനയിൽ എച്ച്എംപിവി കേസുകളിൽ കുത്തനെ വർധനവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്‌മ ന്യുമോണിയ, റിനോവൈറസ്, കോവിഡ്-19 തുടങ്ങിയ വൈറസുകള്‍ ചൈനയില്‍ ഒരേസമയം പൊട്ടിപ്പുറപ്പെടുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചില പ്രദേശങ്ങളിലെ ശ്‌മശാനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രണാതീതമാകുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ ചൈനയിലെ ആരോഗ്യ അധികാരികൾ സ്ഥിരീകരിച്ചിട്ടില്ല.
എന്തുകൊണ്ട് അണുബാധകൾ ഇപ്പോൾ ഉയർന്നുവരുന്നു?
കാലാവസ്ഥാ വ്യതിയാനം: ചൈനയിലെ നിലവിലെ ശൈത്യകാലം എച്ച്എംപിവി ഉയരാന്‍ കാരണമായേക്കാമെന്ന് വിദഗ്‌ധര്‍ പറയുന്നു.
കോവിഡിന് ശേഷമുള്ള ആരോഗ്യ സ്ഥിതി: കോവിഡ് പാൻഡെമിക് സമയത്ത് തുടര്‍ന്ന മാസ്‌ക് ധരിക്കുന്ന ശീലവും വൈറസുകളുമായുള്ള പരിമിതമായ സമ്പർക്കവും ജനസംഖ്യാ തലത്തിലുള്ള പ്രതിരോധശേഷി ദുർബലമാക്കിയിരിക്കാം. ഇതും വൈറസ് വ്യാപിക്കുന്നതിന് കാരണമായേക്കാം.