ന്യൂഡല്‍ഹി :പ്രമുഖ ബേബി ഫുഡ് നിര്‍മാതാക്കളായ നെസ്‌ലെ, ഇന്ത്യ ഉള്‍പ്പടെയുള്ള ഏതാനും രാജ്യങ്ങളില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നതായി റിപ്പോര്‍ട്ട്. സ്വിസ് എൻജിഒ പബ്ലിക് ഐ ആൻഡ് ഇന്‍റര്‍നാഷണല്‍ ബേബി ഫുഡ് ആക്ഷൻ നെറ്റ്‌വര്‍ക്ക് (IBFAN) ആണ് ഇക്കാര്യം പുറത്തുവിട്ടത്. താഴ്‌ന്നതോ ഇടത്തരമോ വരുമാനമുള്ള തെക്ക് ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷ്യ ഉത്പന്നങ്ങളിലാണ് നെസ്‌ലെ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, യൂറോപ്യൻ രാജ്യങ്ങളായ ജര്‍മനി, യുകെ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തുന്ന ഉത്പന്നങ്ങളില്‍ കമ്പനി പഞ്ചസാര ഇത്തരത്തില്‍ ചേര്‍ക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സെര്‍ലാക്, ലാക്‌ടോജൻ എന്നിവയാണ് ഇന്ത്യയില്‍ പ്രധാനമായും വിറ്റുപോകുന്ന നെസ്‌ലെ ഉത്പന്നങ്ങള്‍. ഇന്ത്യൻ വിപണിയില്‍ 2022ല്‍ സെര്‍ലാക് ഉത്പന്നങ്ങളുടെ മാത്രം വില്‍പ്പന 20000 കോടിക്ക് മുകളിലായിരുന്നുവെന്നാണ് കണക്കുകള്‍.
ഇന്ത്യൻ വിപണിയില്‍ വില്‍പ്പന നടത്തുന്ന സെര്‍ലാക് ഉത്പന്നങ്ങളില്‍ മൂന്ന് ഗ്രാം പഞ്ചസാര ചേര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാലിലും മറ്റ് ധാന്യ ഉത്പന്നങ്ങളിലും പഞ്ചസാരയും തേനും ചേര്‍ക്കുന്നത് മൂലം കുഞ്ഞുങ്ങളില്‍ അമിതവണ്ണത്തിനും വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇവ തടയുന്നതിന് വേണ്ടിയുള്ള അന്താരാഷട്ര മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് നെസ്‌ലെ തങ്ങളുടെ ഉത്പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.