ക്ഷീണം, തളർച്ച എന്നിവ അനുഭവപ്പെടുമ്പോൾ ചായയോ കാപ്പിയോ കുടിക്കുന്നവർ നിരവധിയാണ്. താൽക്കാലിക ആശ്വാസം നൽകാൻ ഇവയ്ക്കാകുമെങ്കിലും കുറച്ച് സമയത്തിനുള്ളിൽ ശരീരത്തിലെ ഊർജ്ജസ്വലത നഷ്‌ടപ്പെടുകയും പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്യും. രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് താത്‌കാലികമായി വർധിപ്പിക്കാൻ ഇവ സഹായിക്കും. എന്നാൽ ക്ഷണീമകറ്റാൻ കഫീൻ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്. പകരം പ്രകൃതിദത്ത പാനീയങ്ങളും ജ്യൂസുകളും തിരഞ്ഞെടുക്കാം. ക്ഷീണം അകറ്റി ഉമേഷം നിലനിർത്താനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന പാനീയങ്ങൾ ഏതൊക്കെയെന്ന് അറിയാം.
വെള്ളം
ക്ഷീണത്തിൻ്റെ ഒരു പ്രധാന കാരണങ്ങളിൽ ഒന്നാണ് നിർജ്ജലീകരണം. അതിനാൽ ശരീരത്തിൽ വേണ്ടത്ര ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ഊർജ്ജം നിലനിർത്താനും ശരീരം തണുപ്പിക്കാനും ദിവസേന കുറഞ്ഞത് 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യവശ്യമാണ്.
നാരങ്ങ വെള്ളം
പെട്ടന്നുള്ള ക്ഷീണം, തളർച്ച എന്നിവയെല്ലാം അകറ്റാൻ നാരങ്ങാ വെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് കുടിക്കുന്നത് നല്ലതാണ്. ഇത് ജലാംശം, വിറ്റാമിൻ സി എന്നിവയുടെ അളവ് വർദ്ധിപ്പിക്കാനും ദഹനത്തെ ഉത്തേജിപ്പിക്കാനും ക്ഷീണത്തെ ചെറുക്കാനും സഹായിക്കും.
ഗ്രീൻ ടീ
ആന്‍റി ഓക്‌സിഡന്‍റുകളാൽ സമ്പന്നമായ ഗ്രീൻ ടീ കുടിക്കുന്നത് ക്ഷീണം ഇല്ലാതാക്കി ഊർജ്വസ്വലരായി നിലനിർത്താൻ സഹായിക്കും. മെറ്റബോളിസം, രക്തചംക്രമണം എന്നിവ വധിപ്പിക്കാനും ഇത് ഗുണകരമാണ്.
തേങ്ങാവെള്ളം
പൊട്ടാസ്യം പോലെയുള്ള ഇലക്‌ട്രോലൈറ്റുകൾ തേങ്ങാ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. നിർജ്ജലീകരണം മൂലമുണ്ടാകുന്ന ക്ഷീണം കുറയ്ക്കാൻ തേങ്ങാവെള്ളം സഹായിക്കും.
ജിഞ്ചർ ടീ
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ഊർജ്ജം വർധിപ്പിക്കാനുള്ള ഒരു പ്രകൃതിദത്ത മാർഗം കൂടിയാണിത്. അതിനായി വെള്ളത്തിൽ ഇഞ്ചിയിട്ട് തിളപ്പിച്ച് കുടിക്കുക. രക്തചംക്രമണം വർധിപ്പിക്കാനും വീക്കം കുറയ്ക്കാനും ക്ഷീണം അകറ്റാനും ഇത് സഹായിക്കും.