തിരുവനന്തപുരം :കഠിനമായ വേനൽ ചൂടിൽ വെന്തുരുകുകയാണ് ജനങ്ങൾ. ജില്ലയിലും ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ബിന്ദു മോഹൻ അറിയിച്ചു. താപനില കൂടുന്നത് മൂലം സൂര്യതാപവും സൂര്യാഘാതവും ഉണ്ടാകാൻ സാധ്യതയുണ്ട്.
പൊള്ളുന്ന ചൂട്, വെള്ളവും കുടയും കൂടെ കരുതാം... - Kerala heat alert
താപനില കൂടുന്നതിനാല്‍ സൂരാതാപത്തിനും സൂര്യാഘാതത്തിനും സാധ്യത. നിര്‍ജലീകരണം ശരീര ക്ഷീണത്തിനും മറ്റ് രോഗാവസ്ഥയ്‌ക്കും കാരണമാകും. ചൂടിനെ സൂക്ഷിക്കാം
kerala-heat-health-department-instructions
Published : Apr 12, 2024, 11:03 AM IST
നിർജലീകരണത്തെ തുടർന്ന് ശരീരത്തിലെ ലവണാംശം കുറയാനും ഇതുമൂലം ക്ഷീണവും തളർച്ചയും ബോധക്ഷയവും ഉണ്ടാകാനും സാധ്യതയുണ്ടെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണമെന്നും ഡിഎംഒ അറിയിച്ചു.
ചൂട് കൂടുന്നു, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:
- വെള്ളം ദാഹം തോന്നിയില്ലെങ്കിലും ധാരാളമായി കുടിക്കണം.
- വെള്ളം തിളപ്പിച്ചാറ്റിയ ശേഷം കുടിക്കണം.
- യാത്രകളിലും ഒപ്പം വെള്ളം കരുതണം. ജലജന്യ രോഗങ്ങൾ ഒഴിവാക്കാൻ കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ, ഐസ് ശുദ്ധജലത്തിൽ
നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണം. - വീടുകളിൽ നടക്കുന്ന ചടങ്ങുകളിലും ആഘോഷങ്ങളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണം.
- പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ കരുതണം. രാവിലെ 11 മണി മുതൽ 3 മണിവരെയുള്ള സമയം നേരിട്ടുള്ള വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
- പരമാവധി കട്ടി കുറഞ്ഞതും അയഞ്ഞ കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങൾ ധരിക്കണം.
- പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗം ഉള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകമായി ശ്രദ്ധിക്കണം.
- വാഹനങ്ങൾ വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ കുട്ടികളെയും മുതിർന്നവരെയും ഇരുത്തിയിട്ട് പോകരുത്. വെയിലത്ത് കളിക്കാൻ കുട്ടികളെ അനുവദിക്കരുത്.
- വീടുകളിൽ വായുസഞ്ചാരം ഉറപ്പ് വരുത്തണം. സൂര്യാഘാതം ഏറ്റതായി തോന്നുകയോ ക്ഷീണം അനുഭവപ്പെടുകയോ ചെയ്‌താൽ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കുകയും ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുകയും വേണം. ശരീരം തണുപ്പിക്കുകയും വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും വേണം. ഫാൻ, എസി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കാം. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുമ്പോൾ ശുദ്ധമായ വെള്ളത്തിൽ കഴുകണം. ധാരാളമായി പഴങ്ങളും സാലഡുകളും കഴിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവ ധാരാളമായി കുടിച്ച് വിശ്രമിക്കണം.
- ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്‌താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തണമെന്നും ജില്ല മെഡിക്കൽ ഓഫിസറുടെ ജാഗ്രത നിർദേശത്തിൽ പറയുന്നു.