തിരുവനന്തപുരം : പരീക്ഷ പേടിയുണ്ടോ?, മത്സര പരീക്ഷകൾ അടുക്കുമ്പോൾ ഉണ്ടാകുന്ന ആശങ്കകളും പേടിയും പലരെയും മാനസിക സംഘർഷത്തിലേക്ക് നയിക്കാറുണ്ട്. എന്നാൽ ഇതിന് പരിഹാരമെന്ന നിലയിൽ ഹെൽപ്‌ലൈൻ ആരംഭിച്ചിരിക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്.
'ടെലി മനസ്' എന്ന പേരിലാണ് ഹെൽപ്‌ലൈൻ നമ്പർ ആരംഭിച്ചത്. 14416 എന്ന ടോള്‍ ഫ്രീ നമ്പർ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ ഓഫീസ് അറിയിച്ചു. ട്രോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചാൽ ഫോൺ മാർഗം കൗൺസിലിംഗ് ലഭ്യമാകും. 24 മണിക്കൂറും സേവനം ലഭ്യമാണ്.
മറ്റ് മാനസിക സംഘർഷങ്ങൾ നേരിടുന്നവർക്കും ടെലി മനസ് സേവനം ഉപയോഗപ്പെടുത്താമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ വിളിക്കുന്നയാൾക്ക് നേരിട്ടുള്ള സേവനം ലഭ്യമാക്കണമെന്ന് കണ്ടാൽ അതാത് ജില്ലകളിലെ മാനസിക ആരോഗ്യ സംവിധാനങ്ങൾ നേരിട്ടെത്തി സേവനങ്ങൾ ലഭ്യമാക്കും. അതാത് ജില്ല ആരോഗ്യ കേന്ദ്രങ്ങളാകും ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കുക.
നീറ്റ്, നെറ്റ് ഉൾപ്പെടെയുള്ള പൊതു പരീക്ഷകൾ വരാനിരിക്കെ പരീക്ഷാർഥികൾക്ക് ഉണ്ടായേക്കാവുന്ന മാനസിക സമ്മർദം കണക്കിലെടുത്താണ് പുതിയ സംവിധാനം. അടുത്തിടെ ഇരു പരീക്ഷ പേപ്പറുകളും ചോർന്നതിനെ തുടർന്ന് നിരവധി വിദ്യാർഥികൾ മാനസിക സംഘർഷങ്ങൾ നേരിട്ട് ആരോഗ്യ വകുപ്പിന്‍റെ സേവനം തേടിയിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Also Read :Depression In Teenage Children കൗമാരക്കാരിലെ വിഷാദരോഗം; ഈ ലക്ഷണങ്ങൾ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?