ബെംഗളുരു: പഞ്ഞി മിഠായിയിലും ഗോപി മഞ്ചൂരിയനിലും കൃതിമനിറം ചേർക്കുന്നതിൽ വിലക്കേർപ്പെടുത്തി കർണാടക സർക്കാർ (Karnataka government banned use of artificial colors in Gobi Manchurian and cotton candy ). ഇത് ഉപഭോക്താക്കളിലുണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ദിനേഷ് ഗുണ്ടുറാവുവാണ് ഇക്കാര്യം അറിയിച്ചത്. വികാസ് സൗധയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി പറഞ്ഞതിങ്ങനെ: "സംസ്ഥാനത്ത് വിൽക്കുന്ന ഗോപി മഞ്ചൂരിയൻ, പഞ്ഞി മിഠായി എന്നിവയിൽ ചേർക്കുന്ന കൃത്രിമ നിറങ്ങൾ ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കും. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വിൽക്കുന്ന ഗോപി മഞ്ചൂരിയൻ, പഞ്ഞി മിഠായി എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറികളിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കേർപ്പെടുത്തിയത്".
പരിശോധന ഫലത്തിന്‍റെ വിശദവിവരങ്ങൾ: സംസ്ഥാനത്തൊട്ടാകെ പരിശോധിച്ച ആകെ 171 ഗോപി മഞ്ചൂരിയൻ സാമ്പിളുകളിൽ 107ഉം സുരക്ഷിതമല്ലാത്ത കൃത്രിമ നിറങ്ങൾ ഉപയോഗിച്ചതാണെന്ന് കണ്ടെത്തി. ബാക്കി 64 സാമ്പിളുകളിലും കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നില്ലെന്നും കണ്ടെത്തി. ടാർട്രാസൈൻ, സൺസെറ്റ് യെല്ലോ, കാർമോസിൻ എന്നീ രാസവസ്‌തുക്കളാണ് കൃത്രിമ നിറങ്ങൾക്കായി ഗോപി മഞ്ചൂരിയനിൽ ഉപയോഗിച്ചത്.