കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കൊമ്മേരി വാർഡിൽ മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു. ആറ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 53 ആയി. കിണറുകൾ ഇല്ലാത്ത കൊമ്മേരിയിലെ കുന്നുംപ്രദേശത്തെ കുടിവെള്ള പദ്ധതിയിൽ നിന്നാണ് മഞ്ഞപ്പിത്തം പടർന്നത് എന്നാണ് കണ്ടത്തെൽ. ഈ പദ്ധതിയുൾപ്പെടുന്ന വീടുകളിൽ താമസിക്കുന്നവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. 225-വീടുകളാണ് കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുന്നത്. കിണറിൽ ക്ലോറിനേഷൻ നടത്തിയിട്ട് തന്നെ വർഷങ്ങളായെന്നാണ് പ്രദേശവാസികളുടെ ആരോപണം.
വളരെ ഗുരുതരമായ വിഷയമായിട്ടും തുടക്കത്തിൽ ഉണ്ടായ അനാസ്ഥയാണ് രോഗം വലിയ രീതിയിൽ പടരാൻ കാരണമായതെന്നാണ് പരക്കെയുള്ള ആരോപണം. ടാങ്കിലേക്ക് വെള്ളമടിക്കുന്ന കിണറുകൾ പരിശോധിക്കാൻ കോർപ്പറേഷൻ ആരോഗ്യവിഭാഗം എത്തിയത് തന്നെ വളരെ വൈകിയാണ്. കിണറുകൾ വൃത്തിഹീനമായ സാഹചര്യത്തിലാണെന്നത് അവർക്ക് ബോധ്യപ്പെട്ടിരുന്നു.
രോഗികൾക്ക് ആവശ്യമായ പരിചരണം ഉറപ്പ് വരുത്തികൊണ്ടിരിക്കുകയാണ് വാർഡ് കൗൺസിലർ കവിതാ അരുൺ പറഞ്ഞു. കൗൺസിലറുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്‌ടർ, പ്രദേശ വാസികൾ എന്നിവർ പങ്കെടുത്ത യോഗം വിഷയം ചർച്ച ചെയ്‌തു. കളക്‌ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരും വിഷയത്തിൽ ഇടപെട്ടിരുന്നു. രോഗം പിടിപെട്ടവരെല്ലാം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മലിനമായ വെള്ളം കുടിക്കുന്നതും ശുചിത്വമില്ലാത്തതും ആരോഗ്യകരമല്ലാത്തതുമായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും മഞ്ഞപ്പിത്തം ബാധിക്കുന്നത്. വിശപ്പില്ലായ്‌മ ഛർദി, തലവേദന, വയറുവേദന, ഭക്ഷണം ഒട്ടും കഴിക്കാൻ പറ്റാത്ത അവസ്ഥ എന്നിവയാണ് പ്രാരംഭ ലക്ഷണം. കുറച്ചു ദിവസങ്ങൾക്കകം മൂത്രത്തിൽ കടുത്ത മഞ്ഞനിറവും കണ്ണിലെ കൃഷ്‌ണമണിയിലുള്ള വെള്ള നിറം മാറി മഞ്ഞ നിറം കാണപ്പെടുകയും ചെയ്യും. ഈ ലക്ഷണങ്ങൾ കാണിക്കുമ്പോഴാണ് രോഗികൾ പലപ്പോഴും ചികിത്സ തേടുന്നത്. ആരംഭ ദിശയിൽ തന്നെ രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭിക്കുമ്പോൾ ഏതുതരം മഞ്ഞപിത്തം ആണെന്ന് തിരിച്ചറിഞ്ഞ് ഉചിതമായ ചികിത്സ നൽകാനാകും.
സാധാരണ ഹെപ്പറ്റൈറ്റിസ് പല തരത്തിലുണ്ട്. ഹെപ്പറ്റൈറ്റിസ് എ ബി സി ഡി ഇ എന്നീ തരത്തിലാണ് രോഗത്തെ തരം തിരിച്ചത്. എന്നാൽ എ വിഭാഗത്തിലുള്ള ഹെപ്പറ്റൈറ്റീസ് ആണ് മിക്കവാറും കാണപ്പെടുന്നത്. ഹെപ്പറ്റൈറ്റിസ് എ ഭക്ഷണത്തിലൂടെയും ബി,സി,ഡി എന്നിവ രക്തം, ഇഞ്ചക്ഷൻ എന്നിവയിലൂടെയുമാണ് പകരുന്നത്. ഹെപ്പറ്റൈറ്റിസ് ഇ ഭക്ഷണം, മലിനജലം എന്നിവയിലൂടെയാണ് ബാധിക്കുന്നത്. ഇതിൽ ഹെപ്പറ്റൈറ്റിസ് ബി സി എന്നിവ ബാധിച്ച രോഗികളിലാണ് രോഗം കൂടുതൽ ഗുരുതരമായി മാറുന്നത്. ഹെപ്പറ്റൈറ്റിസ് എ ,ഇ എന്നീ വിഭാഗത്തിലുള്ള വയാണെങ്കിൽ കൃത്യമായ ചികിത്സ നൽകിയാൽ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കും. എന്നാൽ മറ്റു രണ്ടു വിഭാഗവും കരളിന്‍റെ കോശങ്ങളെ ബാധിച്ച് രോഗി ഗുരുതരാവസ്ഥയിൽ ആകാൻ സാധ്യതയുണ്ട്.
രക്തത്തിലെ ബിൽറൂബിന്‍റെ അളവ് 1.2 ആണ് സാധാരണ വേണ്ടത്. ഇതിൽ കൂടുമ്പോൾ കണ്ണിൽ മഞ്ഞ നിറവും മൂത്രത്തിൽ മഞ്ഞ നിറവും കണ്ടു തുടങ്ങും. രോഗം ബാധിച്ച ആളുടെ രക്തം പരിശോധിച്ചാൽ ഇത് തിരിച്ചറിയാനാകും. മദ്യപാനം, അമിതമായ ഭക്ഷണക്രമം, കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കഴിക്കാതിരിക്കുക, വ്യായാമം ഇല്ലാതിരിക്കുക, എന്നിവ രോഗം സാരമായി ബാധിക്കാൻ കാരണമാകുന്നു. ഒരാൾക്ക് മഞ്ഞപ്പിത്ത ലക്ഷണം കണ്ടു തുടങ്ങിയാൽ ഉടൻ തന്നെ അടുത്തുള്ള ഡോക്‌ടറെ കാണിച്ച് എന്ത് കാരണങ്ങൾ കൊണ്ടാണ് രോഗം വന്നതെന്ന് കണ്ടെത്തി ഉചിതമായ ചികിത്സ തേടുക എന്നതാണ് മഞ്ഞപിത്തം തടയുന്നതിനുള്ള പ്രധാനമാർഗം. കൂടാതെ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും മഞ്ഞപ്പിത്തം തടയുന്നതിന് അത്യാവശ്യമാണ്.
Also Read: കോഴിക്കോട് കൊമ്മേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; 23 കാരി ഗുരുതരാവസ്ഥയിൽ; രോഗം പടരുന്നത് കുടിവെള്ളത്തിൽ നിന്നെന്ന് ആരോപണം