ഹൈദരാബാദ് : രാജ്യത്തെ നേത്രരോഗ ചികിത്സ രംഗത്ത് പുത്തന്‍ കാഴ്‌ചപ്പാട് നല്‍കിയ സ്ഥാപനമാണ് എല്‍ വി പ്രസാദ് നേത്രാരോഗ്യ കേന്ദ്രം. മൂന്നരപതിറ്റാണ്ട് മുമ്പാണ് ഈ സ്ഥാപനം ആരംഭിച്ചത്. ചികിത്സ തേടിയെത്തുന്നവര്‍ക്ക് പദവിയും പത്രാസും നോക്കാതെ സേവനം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്. കണ്ണ് മാറ്റിവയ്ക്കല്‍ രംഗത്ത് അന്‍പതിനായിരം എന്ന മാന്ത്രിക സംഖ്യ കടന്നിരിക്കുകയാണ് ഇപ്പോള്‍ ഈ സ്ഥാപനം. ലോകത്ത് ആദ്യമായാണ് ഒരു നേത്ര ചികിത്സാലയം ഈ നേട്ടം കൈവരിക്കുന്നത്. ആശുപത്രിയുടെ സ്ഥാപകനായ ഡോ. ഗുല്ലാപ്പള്ളി നാഗേശ്വര റാവുവും ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. പ്രശാന്ത് ഗാര്‍ഗ്, എല്‍ വി പ്രസാദ് നേത്ര രോഗ ചികില്‍സാലയത്തിന്‍റെ അനുബന്ധ സ്ഥാപനമായ ശാന്തിലാല്‍ സങ്വി കോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ഡോ. പ്രവീണ്‍ വദ്ദവള്ളി എന്നിവരുമായി ഇടിവി ഭാരത് നടത്തിയ കൂടിക്കാഴ്‌ചയുടെ പ്രസക്ത ഭാഗങ്ങളിലേക്ക്.....
ഡോ.ഗുല്ലപ്പള്ളി നാഗേശ്വര റാവു, എല്‍വി പ്രസാദ് നേത്ര രോഗ ചികിത്സാ കേന്ദ്രം സ്ഥാപകന്‍
അന്‍പതിനായിരം കോര്‍ണിയ മാറ്റി വയ്ക്കല്‍ എന്നത് വലിയ ഒരു നേട്ടമാണ്. എങ്ങനെ ആയിരുന്നു ഈ യാത്ര?
ഇത് മഹത്തായ ഒരു യാത്ര ആയിരുന്നു. നമ്മുടെ രാജ്യത്ത് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള സ്ഥലങ്ങളില്‍ നിന്നുപോലുമുള്ള നിരവധി പേരുടെ ജീവിതങ്ങള്‍ ഈയാത്രയില്‍ ഞങ്ങള്‍ തൊട്ടറിഞ്ഞു. ഈ യാത്ര ആരംഭിച്ചപ്പോള്‍ പലരും തന്നെ നിരുത്സാഹപ്പെടുത്തി. ഇത് പരാജയപ്പെടാന്‍ സാധ്യതയുള്ള യാത്രയാണെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു. അത് വിജയകരമാക്കാനും സാധിച്ചു. നിരധി പേരുടെയും സ്ഥാപനങ്ങളുടെയും പിന്തുണ കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്. ഈ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന എല്ലാവരോടും താന്‍ കടപ്പെട്ടിരിക്കുന്നു. അവരില്‍ പലരെയും തനിക്ക് അറിയുക പോലുമില്ല. നേത്രദാനം ചെയ്‌ത ആയിരങ്ങളാണ് ഇത് സാധ്യമാക്കിയത്. അവരോട് എന്നും കടപ്പെട്ടിരിക്കും. ഞങ്ങളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും അവരില്ലായിരുന്നെങ്കില്‍ ഈ യാത്ര തീര്‍ത്തും അസാധ്യമാകുമായിരുന്നു. രാജ്യത്ത് കണ്ണ് ദാനം ചെയ്യാന്‍ ആളുകള്‍ തയാറാകാതിരുന്നതിന് പിന്നില്‍ ചില മിഥ്യാധാരണകള്‍ നിലനിന്നിരുന്നു. ഇതെല്ലാം തെറ്റാണെന്ന് ഞങ്ങള്‍ തെളിയിച്ചു. നിങ്ങള്‍ക്ക് ഒരാളോട് കണ്ണ് ദാനം ചെയ്യുന്നതിന്‍റെ പ്രയോജനങ്ങളെക്കുറിച്ച് പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായാല്‍ അവര്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും. ഞങ്ങളുടെ അനുഭവത്തില്‍ അറുപത് ശതമാനം കുടുംബങ്ങളും കണ്ണ് ദാനം ചെയ്യാന്‍ സമ്മതം നല്‍കി. ഈ കണക്കുകള്‍ അമേരിക്കയിലെ ഏതൊരു ആശുപത്രിയെക്കാളും കൂടുതലാണ്.
കണക്കുകള്‍ തീര്‍ച്ചയായും അത്ഭുതപ്പെടുത്തുന്നവയാണ്. പക്ഷേ ഇത് അത്ര എളുപ്പമായിരിക്കില്ല. കാരണം മുന്‍കാലങ്ങളില്‍ അവയവദാനത്തെക്കുറിച്ചും മാറ്റി വയ്ക്കലുകളെക്കുറിച്ചും അത്രമാത്രം അവബോധം ആളുകള്‍ക്ക് ഉണ്ടായിരുന്നില്ല. എങ്ങനെയാണ് ജനങ്ങളെ ഇതേക്കുറിച്ച് ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്കായത്?
ജനങ്ങളെ ബോധവത്ക്കരിക്കുകയും അവരെ ഇതിന് സമ്മതിപ്പിക്കുകയും ചെയ്യണമായിരുന്നു. പക്ഷേ അതുവരെ അത്തരം പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്തിയിരുന്നില്ല. ഞങ്ങള്‍ പലേടത്തു നിന്നും പലതും പഠിച്ചു. അത് ഇന്ത്യയില്‍ നടപ്പാക്കി. അതില്‍ വിജയിക്കാനായി. ഇതിനായി ഞങ്ങള്‍ക്ക് അമേരിക്കയിലെ ചില സ്ഥാപനങ്ങളുടെ പിന്തുണയും കിട്ടി. അവര്‍ ഞങ്ങള്‍ക്ക് നേത്രബാങ്ക് തുടങ്ങാനുള്ള സഹായം നല്‍കി. പല രാജ്യാന്തര കണ്ണ് മാറ്റിവയ്ക്കല്‍ കേന്ദ്രങ്ങളുടെയും നിലവാരമുള്ള സംവിധാനങ്ങളോടെ ആയിരുന്നു അത്. അമേരിക്കയില്‍ പരിശീലനം നേടിയ ഞാന്‍ എന്‍റെ പരിചയം ഇവിടെ ഉപയോഗിച്ചു. പരിശീലന സംവിധാനങ്ങള്‍ ആവിഷ്ക്കരിച്ചു. പല ഡോക്‌ടര്‍മാരെയും പരിശീലിപ്പിച്ചു. ഡോക്‌ടര്‍മാരെയും നേത്രദാതാക്കളെയും കിട്ടിയപ്പോള്‍ ഈ യാത്ര ഏറെ സുഗമമായി.
എല്ലാം സുഗമമായിരുന്നുവെങ്കിലും ചില വെല്ലുവിളികള്‍ തീര്‍ച്ചയായും നേരിട്ടിരിക്കും. കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത് എവിടെ ആയിരുന്നു?
കണ്ണ് മാറ്റി വച്ചാല്‍ അതിന്‍റെ വിജയശതമാനം മെച്ചപ്പെടുത്തുക എന്നതായിരുന്നു താനും കൂട്ടരും നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പലരും പിന്നീട് തുടര്‍ ചികിത്സകള്‍ക്ക് എത്തുമായിരുന്നില്ല. ഇത്തരത്തില്‍ വരാതിരുന്നാല്‍ പരാജയ സാധ്യത ഏറെയാണ്. തുടര്‍ ചികിത്സകള്‍ പ്രധാനമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു. അവര്‍ ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യണമായിരുന്നു. ഇവ പാലിച്ചില്ലെങ്കില്‍ കണ്ണ് മാറ്റി വയ്ക്കല്‍ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല.
ഡോ. പ്രശാന്ത് ഗാര്‍ഗ്, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, എല്‍വി പ്രസാദ് നേത്ര രോഗ ചികിത്സാ കേന്ദ്രം
രാജ്യത്തെ കണ്ണ് മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയയുടെ വിജയശതമാനം എത്ര ആണ്?
രാജ്യത്തെ അവയവ മാറ്റി വയ്ക്കലില്‍ കണ്ണ് മാറ്റി വയ്ക്കല്‍ ആണ് ഏറ്റവും കൂടുതല്‍ വിജയിച്ചിട്ടുള്ളത്. കാരണം കോര്‍ണിയയുടെ നിലനില്‍പ്പിന് രക്തം ആവശ്യമില്ല. കണ്ണിനുള്ളില്‍ നിന്ന് തന്നെ ഇതിന് വേണ്ട പോഷണം ലഭിക്കുന്നു. ആവശ്യമായ ഓക്‌സിജന്‍ അന്തരീക്ഷത്തില്‍ നിന്നും ലഭിക്കുന്നു. അത് കൊണ്ട് ഒരാളില്‍ നിന്ന് കോര്‍ണിയ മറ്റൊരാളിലേക്ക് മാറ്റി വയ്ക്കുമ്പോള്‍ ഒരു അന്യ അവയവം വന്നതായി ശരീരത്തിന് തോന്നുന്നില്ല. അത് കൊണ്ട് തന്നെ മറ്റ് അവയവങ്ങളെ അപേക്ഷിച്ച് ഇവയെ ശരീരം സ്വഭാവികമായി സ്വീകരിക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ കണ്ണ് മാറ്റി വയ്ക്കല്‍ ശസ്‌ത്രക്രിയകള്‍ 96, 97ശതമാനം വരെ വിജയിക്കുന്നു. അണുബാധ പോലുള്ള ചില അസുഖങ്ങള്‍ മൂലം വിജയശതമാനം കുറയാം. വിജയശതമാനം കുറഞ്ഞാലും ഒറ്റത്തവണ കൊണ്ട് കോര്‍ണിയ മാറ്റി വയ്ക്കല്‍ വിജയിക്കുന്നില്ലെന്ന് തന്നെയാണ് വസ്‌തു. അത് കൊണ്ട് തന്നെ രണ്ടാമതും ഇത് ചെയ്യേണ്ടി വരുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി അന്ധത പൂര്‍ണമായും തുടച്ച് നീക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു.
നേത്ര രോഗമുള്ള ആര്‍ക്കാണ് കോര്‍ണിയ മാറ്റി വയ്ക്കല്‍ വേണ്ടി വരുന്നത്?
ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്‌ത സമീപനങ്ങളാണുള്ളത്. കണ്ണ് മാറ്റി വയ്ക്കല്‍ പരമാവധി കുറയ്ക്കാനാണ് ഞങ്ങള്‍ ആദ്യം ശ്രമിക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ നേത്രവൈകല്യങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചാല്‍ നിരവധി രോഗികള്‍ക്ക് കണ്ണ് മാറ്റി വയ്ക്കുന്നത് ഒഴിവാക്കാനാകും. ഇനി ഒരാള്‍ കണ്ണ് മാറ്റി വച്ചേ കഴിയൂ എന്ന നിലയിലെത്തിയാല്‍ ഇപ്പോള്‍ നമുക്ക് ലെയര്‍ ബൈ ലെയര്‍ മാറ്റി വയ്ക്കല്‍ സാധ്യമാണ്. ഇത് വലിയ ശതമാനം വിജയമാണ്. ഒരിക്കല്‍ കണ്ണ് മാറ്റി വച്ചാല്‍ ആ യാത്ര രോഗിയും ഡോക്‌ടറും തമ്മില്‍ ആജീവനാന്തം ഉള്ള പ്രതിബദ്ധതയാണ്. ജീവിതകാലം മുഴുവന്‍ ഈ മാറ്റി വച്ച കണ്ണ് പരിചരിക്കപ്പെടേണ്ടതുണ്ട്. അത് കൊണ്ട് തന്നെ ഇത് കേവലം ഒരു ശസ്‌ത്രക്രിയയ്ക്ക് അപ്പുറമുള്ള ബഹുവിധ സമീപനമാണ്.
ഡോ.പ്രവീണ്‍ വദ്ദവള്ളി, ശാന്തിലാല്‍ ഷാങ്വി കോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി,
താങ്കള്‍ക്കാണ് നേത്രബാങ്കിന്‍റെ മേല്‍നോട്ടം, ഇത്ര നിര്‍ണായകമായ ഈ രംഗത്ത് നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണ്?
രാജ്യത്തെ നേത്ര ബാങ്കുകള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. രാജ്യത്തെ 200 നേത്ര ബാങ്കുകള്‍ പൂട്ടി. ഇവയില്‍ 90ശതമാനവും പ്രവര്‍ത്തനക്ഷമമായിരുന്നില്ല. അവര്‍ക്ക് കോര്‍ണിയ ശേഖരം ഉണ്ടായിരുന്നില്ല. നിലവില്‍ രാജ്യത്തുള്ള 60,000 കോര്‍ണിയ ശേഖരത്തില്‍ 70 ശതമാനവും പത്ത് നേത്രബാങ്കുകളിലായാണ് ഉള്ളത്. രാജ്യത്തെ നേത്രബാങ്കുകള്‍ ഒരു സ്റ്റാറ്റസ് പ്രതീകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ സ്ഥാപനത്തിന്‍റെ വിവിധ കേന്ദ്രങ്ങളിലായുള്ള നാല് നേത്ര ബാങ്കുകളോടനുബന്ധിച്ച് നേത്രദാന കേന്ദ്രങ്ങളുമുണ്ട്. പ്രതിവര്‍ഷം 12,000 കോര്‍ണിയകള്‍ ഇത് വഴി ശേഖരിക്കാന്‍ സാധിക്കുന്നു. രാജ്യത്ത് ആകെ ശേഖരിക്കപ്പെടുന്ന കോര്‍ണിയകളുടെ 20ശതമാനം വരുമിത്.
ഒരു നേത്രബാങ്ക് നടത്തുമ്പോള്‍ ആവശ്യമായ പ്രതിബദ്ധത പലയിടത്തും കാണാറില്ല. കൃത്യമായ പരിശീലനം ലഭിച്ച ആളുകള്‍ ഇത്തരം കേന്ദ്രങ്ങളിലുണ്ടായിരിക്കണം. നേത്ര ബാങ്ക് തുടങ്ങുന്ന മിക്കവരും മനുഷ്യ വിഭവശേഷിയെ വേണ്ട വിധത്തില്‍ പരിശീലിപ്പിക്കാറില്ല. ഇവര്‍ക്ക് സാങ്കേതിക വിദഗ്ദ്ധരില്‍ നിന്നോ, കൗണ്‍സിലര്‍മാരില്‍ നിന്നോ പരിശീലനങ്ങള്‍ നല്‍കാറുമില്ല. ഫലമായി നേത്രബാങ്കുകളുടെ നടത്തിപ്പ് പരിശീലനം കുറഞ്ഞവരിലേക്കോ യാതൊരു പരിശീലനവും ഇല്ലാത്തവരിലേക്കോ ചെന്നെത്തുന്നു. ഇത് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു.
മറ്റൊന്ന് ആശുപത്രികളുടെ പ്രശ്‌നമാണ്. ഒരാളില്‍ നിന്ന് കോര്‍ണിയ കോശങ്ങള്‍ ശേഖരിച്ച് മറ്റൊരാളിലേക്ക് വച്ച് പിടിക്കുമ്പോള്‍ ചില രോഗങ്ങള്‍ കൂടി സംക്രമിക്കാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ അവ അത്രമാത്രം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. ഇത് കേവലം കോര്‍ണിയ എടുത്ത് മറ്റൊരാളില്‍ വയ്ക്കല്‍ മാത്രമല്ല. ഇതിന് ചില നിലവാരം പുലര്‍ത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കാഴ്‌ച പുനഃസ്ഥാപിക്കുക എന്ന യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് പൂര്‍ണമായും നാം എത്തിച്ചേരൂ. എന്നാല്‍ മിക്ക ആശുപത്രികളും ഇവയൊന്നും പാലിക്കാറില്ല. നമുക്ക് ഒരു അംഗീകാര(അക്രെഡിറ്റേഷന്‍) സംവിധാനമോ സാക്ഷ്യപ്പെടുത്തല്‍ (സര്‍ട്ടിഫിക്കേഷന്‍) സംവിധാനമോ ഇല്ല. ഇത്തരം ചിലത് ഇന്ത്യയുടെ നേത്ര ബാങ്ക് അസോസിയേഷന്‍ മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടായാല്‍ കോര്‍ണിയകളുടെ ലഭ്യതയും ഗുണനിലവാരവും വരും കാലങ്ങളില്‍ വര്‍ദ്ധിപ്പിക്കാനാകും.