തമാശ പറച്ചിലും ചിരിയുമൊക്കെ മാനസികാരോഗ്യത്തിന് ഒരു നല്ല മരുന്നാണെന്ന് പറയാറുണ്ടല്ലോ.. അതുപോലെ, തമാശ പറച്ചിൽ ഒരു നല്ല പാരന്‍റിങ് ടൂൾ കൂടെയാണെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ പഠനങ്ങൾ. പെൻസിൽവാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടേതാണ് പുതിയ കണ്ടെത്തൽ. മക്കളുമായി തമാശകൾ പറയുന്നത് വഴി മക്കൾക്കും രക്ഷാകർത്താക്കൾക്കുമിടയിലുള്ള വൈകാരിക ബന്ധം ഊഷ്‌മളമാകും.
ഇത് ബന്ധങ്ങൾക്കിടയിൽ ആശയവിനിമയത്തിലുള്ള വിടവ് കുറയ്‌ക്കും. തമാശ പറച്ചിലുകൾ കുടുംബ ബന്ധത്തിന്‍റെ ആഴം കൂട്ടുമെന്നാണ് പഠനം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തങ്ങളുടെ കണ്ടെത്തലുകൾ ഗവേഷകർ 'PLOS വൺ' എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. തമാശകൾ പറയുന്നത് വഴി മാനസിക സമ്മർദം ഒഴിവാക്കാനാകുമെന്ന് പെൻ സ്റ്റേറ്റ് കോളജ് ഓഫ് മെഡിസിനിലെ പീഡിയാട്രിക്‌സ് ആൻഡ് ഹ്യുമാനിറ്റീസ് പ്രൊഫസർ ബെഞ്ചമിൻ ലെവി പറഞ്ഞു.