കൊൽക്കത്ത: എച്ച് 9 എൻ 2 വൈറസ് മൂലമുണ്ടാകുന്ന പക്ഷിപ്പനി മനുഷ്യനില്‍ ബാധിച്ച സംഭവം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). പശ്ചിമ ബംഗാളിലെ നാലുവയസ്സുള്ള കുട്ടിയിലാണ് ഇത് കണ്ടെത്തിയത്. ആഗോള തലത്തില്‍ എച്ച് 9 എൻ 2 വൈറസ് മൂലമുണ്ടാകുന്ന പക്ഷിപ്പനി കണ്ടെത്തിയവരുടെ എണ്ണം ഇതോടെ നാലായെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
2024 ഫെബ്രുവരിയിൽ കടുത്ത പനിയും വയറുവേദനയും നിരന്തരമായ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായതിനെത്തുടർന്ന് കുട്ടിയെ പ്രാദേശിക മെഡിക്കൽ സ്ഥാപനത്തിൻ്റെ പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റിൽ (ICU) പ്രവേശിപ്പിച്ചിരുന്നു.
രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും ശേഷം മെയ് മാസത്തിൽ ആശുപത്രിയിൽ നിന്ന് കുട്ടിയെ ഡിസ്‌ചാര്‍ജ് ചെയ്‌തു. രോഗി വീട്ടിലും പരിസരത്തും കോഴിയിറച്ചിയുമായി സമ്പർക്കം പുലർത്തിയെന്നും, കുടുംബത്തിലെ ആര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിൽ നിന്ന് പക്ഷിപ്പനി ബാധിക്കുന്ന രണ്ടാമത്തെയാളാണിത്. ആദ്യത്തേത് 2019-ലാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. വിവിധ പ്രദേശങ്ങളിലെ കോഴിയിറച്ചികളിൽ കാണപ്പെടുന്ന ഏവിയൻ ഇൻഫ്ലുവൻസ വൈറസുകളിൽ ഒന്നായതിനാൽ ഈ വൈറസ് മൂലം മനുഷ്യർക്ക് ഇടയ്ക്കിടെ അണുബാധയുണ്ടാകുമെന്ന് യുഎൻ ഏജൻസിയും പറഞ്ഞു.
ALSO READ:പാമ്പിനെ കൊന്ന് കറിവച്ച് കഴിച്ചു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തു, യുവാവ് അറസ്റ്റിൽ