ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഒരു തവണയെങ്കിലും അനുഭവിക്കാത്തവർ ഉണ്ടാകില്ല. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ വയറു വീർക്കുക, അസിഡിറ്റി, മലബന്ധം എന്നിവയെല്ലാം ദഹന പ്രശ്‌നം മൂലം ഉണ്ടാക്കുന്നവയാണ്. എന്തെങ്കിലും കഴിച്ചാലോ ഇനി ഒന്നും കഴിച്ചില്ലെങ്കിലും ഗ്യാസ് വയറ്റിനുള്ളിൽ അസ്വസ്ഥതയുണ്ടാക്കും. എന്നാൽ കൃത്യ സമയത്ത് ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറ്റിൽ ഗ്യാസ് ഉണ്ടാകാതിരിക്കാൻ സഹായിക്കും. ഇഞ്ചി, ജീരകം, പെരുംജീരകം എന്നിവ കഴിക്കുന്നതും ഈ പ്രശ്‍നം പരിഹരിക്കാൻ ഗുണം ചെയ്യും. ഇതിനുപുറമെ ഗ്യാസ് പ്രശ്‍നം പരിഹരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്ന് നോക്കാം.
നന്നായി ചവച്ചരച്ച് കഴിക്കാം
ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നത് ഗ്യാസ് പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായുള്ള പ്രതീതി ഉണ്ടാക്കാനും ഇത് സഹായകരമാണ്. മാത്രമല്ല ഭക്ഷണം നല്ലപോലെ ചവച്ച് കഴിക്കുമ്പോൾ അമിലോസ് എന്ന രസം ഉമിനീർ വഴി ഭക്ഷണത്തിൽ കലരുകയും ഇത് വയറ്റിൽ എത്തുന്നതിന് മുൻപേ ദഹനപ്രക്രിയ ആരംഭിക്കുകയും ചെയ്യും.
വെള്ളം കുടിക്കുക
വയറ്റിൽ ഗ്യാസ് കെട്ടാതിരിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് കെട്ടുന്നത് തടയാനും സഹായിക്കും. എന്നാൽ വെള്ളം കുടിക്കുമ്പോൾ ചില കര്യങ്ങൾ കൂടി ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോൾ തന്നെ കൂടുതൽ അളവിൽ വെള്ളം കുടിക്കുന്നത് ദഹന രസങ്ങൾ നേർപ്പിക്കാൻ കാരണമാകുകയും ഭക്ഷണം വിഘടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. അതിനാൽ ഭക്ഷണത്തിന് അര മണിക്കൂർ മുൻപോ അര മണിക്കൂർ ശേഷമോ വെള്ളം കുടിക്കാം.