ക്ലീവ്‌ലാൻഡ് (ഓഹിയോ):ശരീരം ആരോഗ്യമുള്ളതാകുന്നത് ഒട്ടനവധി കാര്യങ്ങള്‍ കൂടിച്ചേരുമ്പോഴാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വൃക്കയുടെ പ്രവര്‍ത്തനം.രക്തചംക്രമണത്തിൽ നിന്നുള്ള മാലിന്യങ്ങൾ ഫിൽട്ടർ ചെയ്‌ത് ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിന് വൃക്കകൾ സഹായിക്കുന്നു.
രക്തത്തിലെ വിഷാംശങ്ങളെ ഫലപ്രദമായി ഫിൽട്ടർ ചെയ്യാൻ വൃക്കകള്‍ക്ക് കഴിയുന്നില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പല്ല് നഷ്‌ടപ്പെടുന്നതും വിട്ടുമാറാത്ത വൃക്കസംബന്ധമായ രോഗവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ദി മെനോപോസ് സൊസൈറ്റിയുടെ ജേണലായ മെനോപോസ് ഓൺലൈനില്‍ ഇതുസംബന്ധിച്ചുള്ള സർവേയുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു സ്‌ത്രീയുടെ ഗ്ലോമെറുലാർ ഫിൽട്ടറേഷൻ നിരക്ക് വൃക്കകളുടെ അവസ്ഥയെ സൂചിപ്പിക്കുന്നു. ആർത്തവവിരാമത്തിന് ശേഷം വൃക്കകളുടെ പ്രവർത്തനത്തില്‍ കാലക്രമേണ മാറ്റങ്ങള്‍ വരികയും പ്രത്യുത്പാദന ഹോർമോണുകളുടെ അളവുകള്‍ കുറഞ്ഞ് വരികയും ചെയ്യുന്നു.
ആർത്തവവിരാമ സമയത്ത് സംഭവിക്കുന്ന ഈ ഹോർമോൺ വ്യതിയാനം അടിവയറ്റിലെ അമിത വണ്ണത്തിന് കാരണമാകാറുണ്ട്. മാത്രമല്ല ഹോര്‍മോണിലുണ്ടാകുന്ന ഇത്തരം വ്യതിയാനം പല്ലിന്‍റെ ആരോഗ്യത്തെയും വൃക്കയുടെ ആരോഗ്യത്തെയും ബാധിക്കാറുണ്ട്. എല്ലുകളുടെയും ഹൃദയധമനികളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉൾപ്പെടെ വൃക്കരോഗത്തിന്‍റെ അനന്തരഫലങ്ങൾ അനേകമാണ്. പല്ല് നഷ്‌ടപ്പെടുന്നത് പ്രമേഹം, തൈറോയ്‌ഡ്, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ സ്ട്രോക്കിനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.