ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഡെങ്കിപ്പനി ബാധിക്കുന്നവരിൽ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങൾ കുറവായിരിക്കും. 5 ശതമാനം പേർക്ക് തീവ്രതയാകാൻ സാധ്യതയുണ്ട്.
അതിനാൽ പലർക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണ് ആഗോള തലത്തിൽ തന്നെ കണക്കാക്കപ്പെടുന്നത്. ഇവർക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാൽ ഗുരുതരമാകാം.
ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതിൽ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവൻ പ്രതിരോധ ശേഷിയുണ്ടായിരിക്കും. എന്നാൽ, അതേ വ്യക്തിക്ക് മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനിയുണ്ടായാൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്.
അതിനാൽ തന്നെ കൊതുകിന്‍റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ, രോഗ പ്രതിരോധശേഷി കുറവുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി അഭ്യർഥിച്ചു.
ഗുരുതരമായ ഡെങ്കിപ്പനിയും മരണങ്ങളും തടയാനായി പ്രതിരോധത്തിനും ചികിത്സയ്ക്കും വളരെയേറെ പ്രാധാന്യമുണ്ട്. ഈഡിസ് കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.
ഈഡിസ് കൊതുകിന്‍റെ സഞ്ചാര ദൂരം ചെറുതാണ്. അതിനാൽ വീടും സ്ഥാപനങ്ങളും പരിസരങ്ങളും കൊതുക് മുക്തമാക്കുന്നത് ഡെങ്കിപ്പനി തടയാൻ സഹായിക്കും. വെള്ളം കെട്ടിനിൽക്കുന്ന ഏത് വസ്‌തുവിലും കൊതുക് മുട്ടയിടുമെന്നതിനാൽ സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിയരുത്. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണം. തദ്ദേശ സ്ഥാപനങ്ങളും റെസിഡൻസ് അസോസിയേഷനുകളും ശ്രദ്ധിക്കണം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കൃത്യമായി ഡ്രൈ ഡേ ആചരിക്കണം.
- അപായ സൂചനകൾ മറക്കരുത് :ചെറിയ പനി വന്നാൽ പോലും ധാരാളം പാനീയങ്ങൾ കുടിക്കുക. ക്ഷീണം മാറാനും നിർജലീകരണം ഒഴിവാക്കാനും പാനീയങ്ങൾ ഏറെ സഹായിക്കും. തിളപ്പിച്ചാറ്റിയ കഞ്ഞി വെള്ളം നല്ലത്. വിശ്രമം വളരെ പ്രധാനമാണ്. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ എന്തായാലും വിദഗ്‌ധ ചികിത്സ തേടണം. ശക്തമായ വയറുവേദന, നീണ്ടു നിൽക്കുന്ന ഛർദി, കഠിനമായ ക്ഷീണം, തൊലിപ്പുറത്തും മോണകളിലുമുള്ള ചുവന്ന പാടുകളോ രക്തസ്രാവമോ തുടങ്ങിയ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം വിദഗ്‌ധ ചികിത്സ തേടേണ്ടതാണ്.
- പ്രതിരോധം പ്രധാനം :രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. വീടും സ്ഥാപനങ്ങളും പരിസരങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക. വെള്ളം സൂക്ഷിക്കുന്ന സംഭരണികൾ എല്ലാം തന്നെ അടച്ചുവയ്ക്കണം. വീടിന് ചുറ്റുമുള്ള ചിരട്ട, ടിൻ തുടങ്ങി വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സാധനങ്ങൾ വെള്ളം കെട്ടിക്കിടക്കാതെ കമഴ്ത്തിയിടണം. ആക്രി സാധനങ്ങൾ മൂടി വയ്ക്കുക. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളിൽ മാത്രം കിടത്തുവാൻ ശ്രദ്ധിക്കുക. കുഞ്ഞുങ്ങളെ നിർബന്ധമായും കൊതുകുവലയ്ക്കുള്ളിൽ തന്നെ കിടത്തണം. തുറസായ സ്ഥലങ്ങളിൽ കിടന്നുറങ്ങാതിരിക്കുക. കൊതുക് കടിയിൽ നിന്നും രക്ഷനേടാൻ കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക. കൊതുകുതിരികൾ, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങൾ എന്നിവയെല്ലാം കൊതുക് കടിയിൽ നിന്നും ഒരു പരിധിവരെ സംരക്ഷണം നൽകും. കൊതുകുകൾ ഏറ്റവും അധികം വ്യാപരിക്കുന്ന രാവിലെയും വൈകുന്നേരവുമുള്ള സമയത്ത് വിടിന് ഉൾഭാഗം പുകച്ചതിനുശേഷം ജനലും വാതിലും അടച്ചിടുന്നത് കൊതുക് ശല്യം കുറയ്ക്കാൻ ഉപകരിക്കും.
Also Read : താമരശ്ശേരിയിൽ പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു - Housewife Died Of Fever