നിരവധി ആരോഗ്യ ഗുണങ്ങളുള്ള പോഷക സമൃദ്ധമായ ഒരു പഴമാണ് പ്ലം. വിറ്റാമിൻ സി, ഫൈബർ, കാൽസ്യം, പൊട്ടാസ്യം, തയാമിൻ, ആന്‍റി ഓക്‌സിഡന്‍റുകൾ തുടങ്ങിയവ പ്ലംസിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസേന മിതമായ അളവിൽ പ്ലം കഴിക്കുന്നത് വഴി ശരീരഭാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാനാകും. ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുള്ളതിനാൽ മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനത്തെ പിന്തുണയ്ക്കാനും പ്ലം സഹായിക്കും. പതിവായി പ്ലം ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന മറ്റ് ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ദഹനം
ഫൈബറിന്‍റെ മികച്ചൊരു സ്രോതസാണ് പ്ലം. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഗുണം ചെയ്യും. ഉണക്കിയ പ്ലം കഴിക്കുന്നത് കുടലിന്‍റെ പ്രവർത്തനം സുഗമമാക്കാനും സഹായിക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജിയിൽ നടത്തിയ ഒരു പഠനം കണ്ടെത്തി.
എല്ലിന്‍റെ ആരോഗ്യം
പ്ലംസിൽ എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന കാത്സ്യം, മൈക്രോ ന്യൂട്രിയന്‍റായ ബോറോൺ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഗുണം ചെയ്യും.
രോഗപ്രതിരോധ ശേഷി
പ്ലംസിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. അതിനാൽ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി പതിവായി പ്ലം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.