ജീവിതശൈലിയിലുണ്ടാകുന്ന മാറ്റവും അനാരോഗ്യകരമായ ഭക്ഷണക്രമവും നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കരണമാകുന്ന ഘടകങ്ങളാണ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഇത് ഒരേപോലെ ബാധിക്കും. അതിനാൽ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അത്തരത്തിൽ തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓർമ്മശക്തി വർധിപ്പിക്കാനും വിറ്റാമിനുകൾ, ധാതുക്കൾ, ആന്‍റി ഓക്‌സിഡന്‍റ്‌സ് എന്നിവ അടങ്ങിയ പോഷക സമ്പുഷ്‌ടമായ ഭക്ഷണങ്ങൾ കഴക്കേണ്ടത് പ്രധാനമാണ്. തലച്ചോറിന്‍റ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
സരസഫലങ്ങൾ
സരസഫലങ്ങൾ കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. പ്രത്യേകിച്ച് ബ്ലൂബെറിയിൽ വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്തോസയാനിൻ എന്ന ആൻ്റി ഓക്‌സിഡന്‍റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഓർമ്മശക്തി വർധിപ്പിക്കാനും ഇത് സഹായിക്കും.
വാൽനട്ട്
ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, പോളിഫെനോൾ എന്നിവ വാൽനട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കുമെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷനിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് മസ്‌തിഷ്‌ക കോശങ്ങളെ സംരക്ഷിക്കാനും ഇത് സഹായിക്കും. പ്രായമായവരിൽ വൈജ്ഞാനിക പ്രവർത്തനവും ഓർമ്മശക്തിയും മെച്ചപ്പെടുത്താൻ വാൽനട്ടിന്‍റെ ഉയർന്ന ഉപഭോഗം ഗുണം ചെയ്യും.
ഇലക്കറികൾ
ഇലക്കറികളിൽ ഉയർന്ന അളവിൽ വിറ്റാമിൻ കെ, ഫോളേറ്റ്, ധാതുക്കൾ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. തലച്ചോറിൻ്റെ ആരോഗ്യത്തെയും വൈജ്ഞാനിക പ്രവർത്തനത്തെയും പിന്തുണയ്ക്കുമെന്ന് 2015 ൽ ദി ജേണൽസ് ഓഫ് ജെറൻ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തി. അതിനാൽ ചീര, കാലെ, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുക.
മഞ്ഞൾ
ശക്തമായ ആന്‍റി-ഇൻഫ്ലമേറ്ററി, ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങളുമുള്ള കുർക്കുമിൻ എന്ന സംയുക്തം മഞ്ഞളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മെമ്മറി മെച്ചപ്പെടുത്താനും അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു. പ്രായമായവരിൽ ഓർമശക്തി നിലനിർത്താൻ മഞ്ഞൾ ഗുണം ചെയ്യുമെന്ന് ദി അമേരിക്കൻ ജേണൽ ഓഫ് ജെറിയാട്രിക് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്‌ഡുകൾ, കഫീൻ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും. മെമ്മറി മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യുമെന്ന് 2014 ൽ നേച്ചർ ന്യൂറോ സയൻസിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു.
ഒലിവ് ഓയിൽ
പോളിഫെനോൾ ആൻ്റി ഓക്‌സിഡൻ്റുകളും ഗുണകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഒലിവ് ഓയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്താൻ വളരെയധികം സഹായിക്കുന്ന ഒന്നാണിത്. തലച്ചോറിലെ വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാനും ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഒലിവ് ഓയിൽ സഹായിക്കും.
അവോക്കാഡോ
മോണോസാച്ചുറേറ്റഡ് കൊഴുപ്പിന്‍റെ സമ്പന്ന ഉറവിടമാണ് അവോക്കാഡോ. ഇത് തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഗുണം ചെയ്യും. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കാനും അവോക്കാഡോ സഹായിക്കും. ഓർമശക്തി വർധിപ്പിക്കാനും അവോക്കാഡോ ഫലപ്രദമാണെന്ന് 2017 ൽ ഫ്രോണ്ടിയേഴ്‌സ് ഇൻ ഏജിംഗ് ന്യൂറോ സയൻസിൽ നടത്തിയ ഒരു ഗവേഷണത്തിൽ പറയുന്നു.
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : സമ്മർദ്ദവും ഉത്കണ്‌ഠയും കുറയ്ക്കാം; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ