കണ്ണൂർ : തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് വെങ്കലത്തിൽ ശിവ ശിൽപം നിർമിച്ച് ശിൽപി ഉണ്ണി കാനായി. തളിപ്പറമ്പിലെ പ്രമുഖ വ്യവസായി മൊട്ടമ്മൽ രാജനാണ് ശിവൻ്റെ പൂർണമായ വെങ്കല ശിൽപം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത്. ഏകദേശം നാല് വർഷത്തോളം സമയമെടുത്താണ് 14 അടി ഉയരത്തിൽ ശിൽപം നിർമിച്ചത്.
ആദ്യം കളിമണ്ണിൽ നിർമിച്ച് പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾട് എടുത്ത് മെഴുകിലേക്ക് രൂപമാറ്റം ചെയ്‌ത് വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയാണ് ചെയ്‌തത്. വെങ്കലത്തിലും എസ്‌എസ് 3 നോട്ട് 4 സ്റ്റീലിലും നിർമിച്ച ശിൽപത്തിന് 4000 കിലോ ഭാരമുണ്ട്. ഇന്ത്യയിലെ തന്നെ വെങ്കലത്തിൽ നിർമിച്ച ഏറ്റവും വലിയ ശിവ ശിൽപമാണ് തളിപ്പറമ്പിൽ ഒരുങ്ങുന്നത് എന്നാണ് ക്ഷേത്ര സംഘാടകർ അവകാശപ്പെടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രാജരാജേശ്വര ക്ഷേത്രത്തിലെ കിഴക്കേ നടയിലെ ആൽമരത്തിൻ്റെ ചുവട്ടിലാണ് ശിവൻ്റെ ശിൽപം സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തൃശൂർ സർക്കിള്‍ സൂപ്രണ്ട് രാമകൃഷ്‌ണ റെഡി, ടിടികെ ദേവസ്വം പ്രസിഡന്‍റ് വിനോദ് കുമാർ, ടിപി മൊട്ടമ്മൽ രാജൻ എന്നിവർ തളിപ്പറമ്പ് ക്ഷേത്രത്തിനു മുന്നിലെ ശിൽപം സ്ഥാപിക്കുന്ന സ്ഥലവും ശിൽപിയുടെ പണിപ്പുരയിലെ ശിവ ശിൽപവും സന്ദർശിച്ചു. രണ്ടുമാസത്തിനുള്ളിൽ ശിൽപം അനാച്ഛാദനം ചെയ്യുമെന്ന് ക്ഷേത്ര സംഘാടകർ അറിയിച്ചു.