കണ്ണൂര്‍ : കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത പുറത്തുവന്നു, ഒപ്പം ഒരു ദൃശ്യവും. റോഡ് നിയമങ്ങള്‍ അത്രകണ്ട് ശക്തമായ കേരളത്തില്‍ ഇതിനു മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആംബുലന്‍സിന്‍റെ സൈറണ്‍ കേള്‍ക്കുമ്പോള്‍ റോഡിന്‍റെ വശങ്ങളിലേക്ക് വാഹനം നീക്കി നിര്‍ത്തി ആംബുലന്‍സ് പോകുന്നതുവരെ കാക്കുന്ന സംസ്‌കാരമാണ് മലയാളിയ്‌ക്ക്. പക്ഷേ മുന്‍പ് പറഞ്ഞ വാര്‍ത്തയും കൂടെവന്ന ദൃശ്യവും അക്ഷരാര്‍ഥത്തില്‍ മലയാളികളുടെ തലകുനിക്കുന്നതായിരുന്നു.
സംഭവം നടക്കുന്നത് കണ്ണൂര്‍ എരഞ്ഞോളിയില്‍. അത്യാസന്ന നിലയിലായ രോഗിയുമായി ആംബുലന്‍സ് ചീറിപ്പാഞ്ഞ് വരുന്നു. മട്ടന്നൂര്‍ – തലശ്ശേരി പാതയില്‍ നായനാര്‍ റോഡില്‍ എത്തിയപ്പോള്‍ ഒരു കാര്‍ ആംബുലന്‍സിന് മുന്നില്‍ മാര്‍ഗ തടസം സൃഷ്‌ടിച്ചുകൊണ്ട് ഓടുകയാണ്. ആംബുലന്‍സ് സൈറണ്‍ മുഴക്കുന്നുണ്ട്. ഡ്രൈവര്‍ ഹോണ്‍ അടിക്കുന്നുണ്ട്. എന്നിട്ടും കാര്‍ ഡ്രൈവര്‍ക്ക് ഒരു കുലക്കവുമില്ല.
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ മട്ടന്നൂര്‍ സ്വദേശി റുഖിയ ആയിരുന്നു ആംബുലന്‍സില്‍. നില അതീവഗുരുതവും. ആംബുലന്‍സിനുള്ളില്‍ സിപിആര്‍ കൊടുത്തുകൊണ്ടാണ് റുഖിയയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പക്ഷേ ഇടയ്‌ക്ക് വഴിമുടക്കി നിന്ന കാര്‍ കാരണം റുഖിയയെ രക്ഷിക്കാനായില്ല. അവര്‍ മരണത്തിന് കീഴടങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിന്നാലെ ആംബുലന്‍സ് ഡ്രൈവര്‍ പൊലീസില്‍ പരാതിപ്പെട്ടു. കാറുകാരനെ കതിരൂര്‍ പൊലീസ് അന്വേഷിച്ച് കണ്ടെത്തുകയും ചെയ്‌തു. പിണറായി സ്വദേശിയായ രാഹുല്‍ രാജാണ് ആംബുലന്‍സിന് മാര്‍ഗ തടസം ഉണ്ടാക്കി കാര്‍ ഓടിച്ചത്. നിര്‍ഭാഗ്യം എന്നുപറയട്ടെ, ഡോക്‌ടറാണ് രാഹുല്‍ രാജ്. ജീവന്‍റെ വില മറ്റുള്ളവരെക്കാള്‍ കൂടുതല്‍ അറിയുന്ന, രോഗികള്‍ ദൈവതുല്യരായി കാണുന്ന ഡോക്‌ടര്‍മാര്‍... രോഗിയുടെ ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുക എന്നും, പ്രൊഫഷണല്‍ ധര്‍മം, മറ്റുള്ളവരോടുള്ള ബഹുമാനം തുടങ്ങിയ കാര്യങ്ങള്‍ അണുവിട തെറ്റാതെ പാലിക്കുമെന്നും പ്രതിജ്ഞയെടുത്തവരാണ് ഓരോ ഡോക്‌ടര്‍മാരും. അത്തരത്തിലുള്ള ഒരാളുടെ കയ്യില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് രാഹുല്‍ രാജില്‍ നിന്നുണ്ടായത്.
കതിരൂര്‍ പൊലീസ് കേസെടുത്തു. രാഹുല്‍ രാജില്‍ നിന്ന് 5000 രൂപ പിഴയും ഈടാക്കി. ഒരു ജീവന് മറ്റൊന്നും പകരമാകില്ലെങ്കിലും നിയമപരമായി ഡോക്‌ടര്‍ ശിക്ഷിക്കപ്പെട്ടു.