തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഷാരോണ്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഗ്രീഷ്‌മയുടെയും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരുടേയും ശിക്ഷാ വിധി ഇന്നുണ്ടാവില്ല. ശിക്ഷാ വിധിയില്‍ കോടതി വാദം കേട്ടു തുടങ്ങി. പ്രതികള്‍ക്ക് പറയാനുള്ളതും അഭിഭാഷകരുടെ വാദവും കോടതി കേള്‍ക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഗ്രീഷ്‌മയേയും അമ്മാവനേയും വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിലെത്തിച്ചിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി എഎം ബഷീറാണ് വാദം കേള്‍ക്കുന്നത്.
പ്രോസിക്യൂഷന്‍ വാദം
പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം എന്ന ആവശ്യം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റ കൃത്യം എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.ഗ്രീഷ്മ ദയ അര്‍ഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷയായ വധ ശിക്ഷ തന്നെ നല്‍കണമെന്നും സമൂഹം ഞെട്ടിയ ആസൂത്രിത കൊലപാതകമാണ് പ്രതി നടത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഇളവ് വേണമെന്ന് പ്രതിഭാഗം
തനിക്ക് പഠിക്കണമെന്നും ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നും ഒന്നാം പ്രതി ഗ്രീഷ്മ കോടതിയോട് അപേക്ഷിച്ചു.ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേവലം ഇരുപത്തിനാല് വയസ് മാത്രം പ്രായമുള്ള പ്രതിയുടെ പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം കോടതി മുമ്പാകെ അഭ്യര്‍ത്ഥിച്ചു. പ്രതിക്കെതിരെ സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളത്. നശീകരണ സ്വഭാവമുള്ളയാളല്ല ഗ്രീഷ്മയെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. ഗ്രീഷ്മയെ വിടാതെ നിരന്തരം പിന്തുടരുകയായിരുന്നു ഷാരോണെന്നും ഗ്രീഷ്മയെ സംശയമായതിനാല്‍ ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ വരെ ഷാരോണ്‍ ചിത്രീകരിച്ച് സൂക്ഷിച്ചു വെച്ചിരുന്നുവെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
വിധി പ്രസ്‌താവിക്കുന്നതിനു മുമ്പ് അവസാനമായി പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നത് സ്വാഭാവിക നടപടിക്രമമാണ്.ഇന്ന് ഇരു വിഭാഗങ്ങളുടെയും വാദം കേട്ട കോടതി തിങ്കളാഴ്‌ച ശിക്ഷ വിധിക്കും. കൊലപാതകം (സെക്ഷൻ 302) ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരം ഗ്രീഷ്‌മ കുറ്റക്കാരിയാണെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. ഐപിസി സെക്ഷൻ 201 പ്രകാരം തെളിവ് നശിപ്പിക്കലിനാണ് അമ്മാവൻ കുറ്റക്കാരനായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2022 ഒക്‌ടോബർ 14ന് ആണ് നാടിനെ നടുക്കിയെ കുറ്റകൃത്യം നടന്നത്. ഷാരോണും ഗ്രീഷ്‌മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്‌മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും അത് ഉറപ്പിക്കുകയും ചെയ്‌തു. ഇതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്‌മ പദ്ധതിയിടുകയായിരുന്നു.
ആദ്യം ജ്യൂസ് ചലഞ്ച് നടത്തി. പാരസെറ്റാമോള്‍ കലർത്തിയ ജ്യൂസ് ഷാരോണിനെ കൊണ്ട് കുടിപ്പിച്ചായിരുന്നു ആദ്യ ശ്രമം. ദേഹാസ്വസ്ഥ്യമുണ്ടായെങ്കിലും അന്ന് ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീട് വീട്ടിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ക്രൂരത. കഷായത്തിൽ കീടനാശിനി കലർത്തി കൊടുക്കുകയാണ് ഗ്രീഷ്‌മ ചെയ്‌തത്.
ഇത് കഴിച്ച് ദേഹാസ്വസ്ഥ്യമുണ്ടായ ഷാരോണിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 11 ദിവസം ചികിത്സയിലായിരുന്നു ഷാരോണ്‍. ആന്തരികാവയവങ്ങൾ തകർന്ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങി.
Read Also: ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്‌മ കുറ്റക്കാരി