ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണിത്. ചിട്ടയായ ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിയ്ക്കും. അതിനാൽ ഡയറ്റിൽ ഗ്ലൈസമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങൾ മാത്രമേ ഉൾപ്പെടുത്താൻ പാടുള്ളൂ. ചില ഭക്ഷണങ്ങൾ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്. അവ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
പാവക്ക
പ്രമേഹം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് പാവക്ക. ഇതിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാതെ നിലനിർത്താൻ പാവക്ക സഹായിക്കും. അതിനാൽ പ്രമേഹ രോഗികൾ പതിവായി പാവക്ക കഴിക്കുന്നത് നല്ലതാണ്.
ചീര
ചീരയിൽ കുറഞ്ഞ അളവിൽ മാത്രമാണ് കലോറി അടങ്ങിയിട്ടുള്ളത്. ഫൈബർ ധാരാളവും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയേൺ, ആന്‍റി ഓക്‌സിഡന്‍റുകള്‍ എന്നിവയുമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാനും ഫലപ്രദമായ ഒന്നാണ് ചീര. അതിനാൽ പതിവായി ചീര ഡയറ്റിൽ ഉൾപ്പെടുത്തുക.
നട്‌സ്
പ്രമേഹ രോഗികൾ ബദാം, നിലക്കടല എന്നീ നട്‌സുകൾ കഴിക്കുന്നത് നല്ലതാണ്. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിൻ, ഫൈബർ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണകരമാണ്.
വെണ്ട
ഗ്ലൈസമിക് സൂചിക കുറഞ്ഞ പച്ചക്കറിയാണ് വെണ്ട. ഇതിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രമേഹം നിയന്ത്രിക്കാൻ വെണ്ട സഹായിക്കും. അതിനാൽ പ്രമേഹ രോഗികൾ വെണ്ട കഴിക്കുന്നത് നല്ലതാണ്.