ഹൈദരാബാദ് : മനുഷ്യന്‍റെ അധ്വാനം കുറയ്ക്കാനായി പലവിധ സാങ്കേതിക വിദ്യ ഇക്കാലം വരെയും വികസിപ്പിച്ചിട്ടുണ്ടെങ്കിലും ജോലി സമ്മർദം എന്നത് നാള്‍ക്കുനാള്‍ കൂടിവരികയാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിത ജോലി ഭാരം മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. പുരുഷന്മാരെക്കാൾ സ്‌ത്രീകളെയാണ് അമിത ജോലി ഭാരം വലയ്ക്കുന്നത് എന്നാണ് കണ്ടെത്തല്‍. 'ഇമോഷണൽ വെൽനസ് സ്റ്റേറ്റ് ഓഫ് എംപ്ലോയീസ്' എന്ന പേരിൽ 5000 ഇന്ത്യൻ പ്രൊഫഷണലുകളിൽ യുവർ ദോസ്‌ത് എന്ന കമ്പനി നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്. ഇതേ കാര്യം സ്ഥിരീകരിക്കുന്ന മറ്റ് പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.
കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ, ഓഫിസിലെ ജോലിഭാരം, മറ്റ് കാരണങ്ങൾ എന്നിവ തമ്മിലുള്ള ഏകോപനം തെറ്റുമ്പോഴോ അല്ലെങ്കില്‍ ഏകോപിപ്പിക്കാനുള്ള കഠിന ശ്രമത്തിലോ നമുക്ക് സമ്മർദം അനുഭവപ്പെടും. ഈ അവസ്ഥയിൽ നിന്ന് വേഗത്തിൽ കരകയറാൻ ജോലി ചെയ്യുന്ന അന്തരീക്ഷം സുഖകരവും സുഖപ്രദവുമായിരിക്കണം.
മാറ്റം വരുത്തേണ്ടത് ഇവിടെ നിന്ന്...
ജോലി ചെയ്യുന്ന സ്ഥലത്ത് ഇതിനായി ചില മാറ്റം വരുത്തേണ്ടതുണ്ട്. ആദ്യം മാറ്റേണ്ടത് കസേരയാണ്. കുനിഞ്ഞിരുന്ന് ജോലി ചെയ്യുന്നത് കാലക്രമേണ നിങ്ങളുടെ ശരീര ഘടന മാറ്റും. മുതുകിൽ സമ്മർദം വർധിക്കുകയും സയാറ്റിക്ക, സ്പോണ്ടിലൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.