സ്റ്റോക്ക്‌ഹോം (സ്വീഡൻ) : ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഫിൻലൻഡ്. തുടർച്ചയായ ഏഴാംതവണയാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കുന്നത്. രാജ്യാന്തര ഹാപ്പിനെസ് ദിനത്തിന് മുൻപായാണ് യുഎൻ വാർഷിക വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇതിൽ 143 രാജ്യങ്ങളുടെ പട്ടികയിൽ ഡെൻമാർക്ക്, ഐസ്‍ലൻഡ്, സ്വീഡൻ എന്നീ നോർഡിക് രാജ്യങ്ങൾ ആധിപത്യം നേടുമ്പോൾ ഏറ്റവും പിന്നിൽ അഫ്‌ഗാനിസ്ഥാനാണ്.
ആരോഗ്യനിലവാരം മുതൽ ജിഡിപി വരെ പരിഗണിച്ചാണ് സസ്റ്റെയ്‌നബിൾ ഡെവലപ്മെന്‍റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് ഏറ്റവും സന്തോഷമുള്ള രാജ്യമേതെന്ന് നിർണയിക്കുന്നത്. തുടർച്ചയായി ഏഴാം തവണയും പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്ന ഫിൻലൻഡിൽ ഇത്രയും സന്തോഷം നിലനിൽക്കുന്നത് എന്തുകൊണ്ടായിരിക്കും ?.
ആറുമാസത്തോളം സൂര്യനെത്താത്ത നാട്ടിൽ ഓരോ വർഷവും കാലാവസ്ഥ പ്രതികൂലമാകുമ്പോഴും അതൊന്നും ഫിന്നിഷ് ജനതയുടെ സന്തോഷം കെടുത്തുന്നില്ല. അതിശൈത്യത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന സാഹചര്യത്തെ പോലും സന്തോഷത്തോടെ തന്നെ മറികടന്നുപോകുന്നവരാണ് ഫിനിഷുകാർ.