ശരീരത്തിന്‍റെ കോശങ്ങളിൽ മെഴുക് രൂപത്തിൽ കാണപ്പെടുന്ന ഒരു പദാർത്ഥമാണ് കൊളസ്‌ട്രോൾ. ഇത് എച്ച്ഡിഎൽ അഥവാ ആരോഗ്യകരമായ കൊഴുപ്പ്, എൽഡിഎൽ അഥവാ ചീത്ത കൊളസ്‌ട്രോൾ എന്നിങ്ങനെ രണ്ട് തരമുണ്ട്. ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ അളവ് കൂടുന്നത് ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ പല ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ കൊളസ്‌ട്രോൾ അളവ് ആരോഗ്യകരമായി നിലനിർത്തേണ്ടത് ശരീരത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ പ്രധാനമാണ്. ചീത്ത കൊളസ്‌ട്രോൾ അളവ് കുറയ്ക്കാൻ ദിനചര്യയിൽ ചില പ്രഭാതശീലങ്ങൾ ഉൾപ്പെടുത്തുന്നത് നല്ല മാറ്റമുണ്ടാക്കാൻ സഹായിക്കുമെന്ന് ഏഷ്യൻ ഹോസ്‌പിറ്റലിലെ ഇന്‍റർവെൻഷണൽ കാർഡിയോളജിയിലെ സീനിയർ കൺസൾട്ടന്‍റായ ഡോ പ്രതീക് ചൗധരി പറയുന്നു. അവ എന്തൊക്കെയെന്ന് വിശദമായി അറിയാം.
നടത്തം
ദിവസവും രാവിലെ കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാനും വളരെയധികം ഗുണം ചെയ്യും.
ട്രാൻസ് ഫാറ്റുകൾ ഒഴിവാക്കുക
പ്രഭാതഭക്ഷണത്തിൽ നിന്ന് ട്രാൻസ് ഫാറ്റ് അടങ്ങിയ ആഹാരങ്ങൾ ഒഴിവാക്കുക. കേക്ക്, കുക്കികൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവയിലൊക്കെ ട്രാൻസ് ഫാറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ലയിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണം
പ്രഭാതഭക്ഷണത്തിൽ ലയിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം ഉൾപ്പെടുത്തുക. ഇത് കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അതിനാൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയ ഓട്‌സ്, ചിയ സീഡ്‌സ്, പഴങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.