അമിതവണ്ണമുള്ള സ്ത്രീക്കുണ്ടാകുന്ന കുട്ടികളിൽ ന്യൂറോ ഡെവലപ്മെന്‍റ് പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ഗർഭധാരണം നടക്കുന്നുന്നതിനു മുമ്പും പ്രസവത്തിനു ശേഷവും ഓട്ടിസം, എഡിഎച്ച്ഡി (കുട്ടികളിലെ ശ്രദ്ധക്കുറവ്) തുടങ്ങിയ ന്യൂറോ ഡെവലപ്മെൻ്റ് പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. കൂടതെ അമ്മയുടെ പൊണ്ണത്തടി കുട്ടികളിൽ കൊറോണറി ഹൃദ്രോഗം, സ്ട്രോക്ക്, ടൈപ്പ് 2 പ്രമേഹം, ആസ്ത്മ എന്നീ രോഗങ്ങളുടെ സാധ്യത വർധിക്കുന്നതായും പഠനം കണ്ടെത്തി.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികൾ സംസാരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ബുദ്ധിമുട്ടുള്ളവരായിരിക്കും. ആളുകളോട് ഇടപഴകാനും അവർ ബുദ്ധിമുട്ട് നേരിടും. എന്നാൽ ഇതിന്‍റെ കൃത്യമായ കാരണങ്ങൾ എന്താണെന്ന് കണ്ടെത്താൻ നേരത്തെ സാധിച്ചിരുന്നില്ല. അതിനാൽ കാലങ്ങളായി ഇത് സംബന്ധിച്ചുള്ള പഠനങ്ങൾ നടത്തി വരുകയായിരുന്നു ഗവേഷകർ.
സൗത്ത് ഓസ്‌ട്രേലിയ സർവകലാശാലയിലെയും മറ്റ് സ്ഥാപനങ്ങളിലെയും ഗവേഷകരാണ് പഠനം നടത്തിയത്. 42 പഠനങ്ങൾ അവലോകനം ചെയ്‌ത ശേഷമാണ് ഗവേഷകർ റിപ്പോർട്ട് തയ്യാറാക്കിയത്. ഏകദേശം 36 ലക്ഷം അമ്മമാരുടെയും കുട്ടികളുടെയും വിവരങ്ങളും പഠനത്തിനായി ഗവേഷകർ വിശകലനം ചെയ്‌തു.
ഗർഭകാലത്ത് സ്ത്രീകളിലെ പൊണ്ണത്തടി കുട്ടികളിൽ എഡിഎച്ച്ഡി സാധ്യത 32 ശതമാനം വർദ്ധിപ്പിക്കുമെന്ന് പഠനം കണ്ടെത്തി. കൂടാതെ ഓട്ടിസം വരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്നും പഠനം തെളിയിച്ചു. ഗർഭധാരണത്തിനുമുമ്പ് അമിതവണ്ണവും പൊണ്ണത്തടിയുമുള്ള അമ്മമാരുടെ കുഞ്ഞുങ്ങളിൽ എഡിഎച്ച്ഡി സാധ്യത 18 % മുതൽ 57 % വരെയാണെന്ന് ഗവേഷകർ ചൂണ്ടികാട്ടുന്നു. കുട്ടികളിൽ പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത 30 ശതമാനവും സമപ്രായക്കാരുമായി ഇടപഴകാൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ സാധ്യത 47 % കൂടുതലാണെന്നും പഠനം പറയുന്നു.