നല്ല ആരോഗ്യം നിലനിർത്താൻ പോഷകസമൃദമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ, ധാതുക്കൾ, നാരുകൾ എന്നിവ ഭക്ഷണത്തിലൂടെയാണ് ലഭിക്കുന്നത്. അതിനാൽ വിവിധയിനം വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പറയുകയാണ് പ്രശസ്‌ത ഡയറ്റീഷ്യൻ ഡോ ശ്രീലത. കാഴ്ച്ചയിൽ തീരെ കുഞ്ഞാണെങ്കിലും അവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ പോഷകാഹാരത്തിന്‍റെ യഥാർത്ഥ ശക്തിയാണ് വിത്തുകൾ. ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധ ശേഷി വർധിപ്പിക്കാനും പലതരം രോഗങ്ങളെ തടയാനും വിത്തുകൾ സഹായിക്കുന്നു. ഇതിന് പുറമെ മുടിയുടെ ആരോഗ്യം, ചർമ്മ സംരക്ഷണം, ശാരീരിക ആരോഗ്യം തുടങ്ങിയവ മെച്ചപ്പെടുത്താനും വിത്തുകൾ ഗുണം ചെയ്യുന്നു. വിശപ്പ് നിയന്ത്രിക്കാൻ കഴിവുള്ള വിത്തുകൾ ലഘുഭക്ഷണമായും കഴിക്കാം. എന്നാൽ ഏതൊക്കെ വിത്തുകൾ കഴിക്കാം എങ്ങനെ കഴിക്കണം എന്നുള്ള വിശദവിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
ചിയ വിത്ത്: നാരുകളാൽ സമ്പുഷ്‌ടമാണ് ചിയ വിത്തുകൾ. ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. രണ്ട് ടേബിൾ സ്‌പൂൺ ചിയ സീഡിൽ 10 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്‌ധർ പറയുന്നു. ബദാം മിൽക്ക്, ഫ്രൂട്ട് ജ്യൂസ് എന്നിവയിൽ ചിയ വിത്തുകൾ അൽപനേരം കുതിർത്തു വച്ച ശേഷം കുടിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നതിലൂടെ വിത്തുകൾ മൃദുവാകുകയും കൂടുതൽ ആരോഗ്യഗുണങ്ങൾ ലഭിക്കുകയും ചെയ്യുന്നു.
മത്തങ്ങ വിത്തുകൾ: ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മത്തങ്ങ വിത്തുകൾ. ഇതിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഹൃദയത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താൻ മത്തങ്ങ വിത്തുകൾ കഴിക്കുന്നത് വളരെ നല്ലതാണ്. പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും മത്തങ്ങ വിത്ത് സഹായിക്കുന്നു. സൂപ്പ്, സാലഡ് എന്നിവയിൽ മത്തങ്ങ വിത്ത് ചേർത്ത് കഴിക്കാമെന്ന് ഡയറ്റീഷ്യൻ പറയുന്നു.
ക്വിനോവ: ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതും ആരോഗ്യം മെച്ചപ്പെടുത്താൻ വളരെയധികം സഹായിക്കുന്നതുമായ ഒരു വിത്താണ് ക്വിനോവ. ഒരു കപ്പ് കിനോവയിൽ നിന്ന് ഏകദേശം 8 ഗ്രാം പ്രോട്ടീനും 5.18 ഗ്രാം ഫൈബറും ലഭിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. ഇത് കൂടാതെ അയേണും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.