കേരളം

kerala

ETV Bharat / health

ആരോഗ്യ സംരക്ഷണത്തിന് വേണം കരുതൽ ; ഉഷ്‌ണകാലത്തിനിണങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെ ? - best foods for summer - BEST FOODS FOR SUMMER

ഉഷ്‌ണകാല ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് എസ് യു ടി ആശുപത്രിയിലെ ചീഫ് ക്ലിനിക് ന്യൂട്രീഷ്യന്‍ പ്രീതി ആര്‍ നായര്‍

COOLING FOODS FOR SUMMER SEASON  HEALTHY SUMMER FOODS  BENEFITS OF DRINKING WATER  HOW TO CHOOSE SUMMER FOODS
summer food

By ETV Bharat Kerala Team

Published : Mar 23, 2024, 1:51 PM IST

ന്യൂട്രീഷ്യന്‍ പ്രീതി ആര്‍ നായര്‍ ഇടിവി ഭാരതിനോട്

ഉഷ്‌ണകാലം നിര്‍ജ്ജലീകരണത്തിന്‍റെ മാത്രമല്ല ശരീരത്തില്‍ നിന്ന് ഇലക്‌ട്രോ ലൈറ്റ്‌സും മിനറല്‍സും നഷ്‌ടപ്പെടുന്ന കാലമാണ്. ഈ നഷ്‌ടം നികത്തുക എന്നത് ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഇത് കണക്കിലെടുത്ത് ധാരാളം വെള്ളം കുടിക്കുകയും മസാലയും പുളിയും എരിവും അടങ്ങിയ ഭക്ഷണങ്ങള്‍ വര്‍ജിക്കുകയുമാണ് വേണ്ടത്. മൃഷ്‌ടാന്ന ഭോജനം ഉഷ്‌ണകാലത്ത് ഒഴിവാക്കുന്നത് അത്യുത്തമമാണ്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം :ഒരു ദിവസം രണ്ടര ലിറ്റര്‍ മുതല്‍ മൂന്ന് ലിറ്റര്‍ വരെ (പത്തു മുതല്‍ 15 ഗ്ലാസ് വരെ) വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളമോ കരിക്കിന്‍ വെള്ളമോ കഞ്ഞിവെള്ളമോ നാരങ്ങാവെള്ളമോ മോരിന്‍ വെള്ളമോ കുടിക്കാം. വേനലില്‍ പണിയെടുക്കുന്നവരുടെ ശരീരത്തില്‍ നിന്നും നല്ലൊരളവില്‍ സോഡിയം നഷ്‌ടപ്പെടുന്നതിനാല്‍ കുടിക്കുന്ന വെള്ളത്തില്‍ ഉപ്പിന്‍റെ അളവ് ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇതിനായി ഉപ്പുചേര്‍ത്ത കഞ്ഞിവെള്ളമോ നാരങ്ങാവെള്ളമോ ഉപയോഗിക്കാം.

കുട്ടികള്‍ക്ക് അവര്‍ ആവശ്യപ്പെടാതെ തന്നെ ഇടയ്‌ക്കിടയ്‌ക്ക് വെള്ളം കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. യാത്രകളിലേര്‍പ്പെടുമ്പോള്‍ കുടിക്കാനുപയോഗിക്കുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പാക്കണം.

കാര്‍ബണേറ്റഡ് ബെവ്റേ‌ജസ് അഥവാ സോഫ്‌റ്റ് ഡ്രിങ്ക്‌സ് ഒഴിവാക്കാം :സോഫ്‌റ്റ് ഡ്രിങ്ക്‌സ് എന്നറിയപ്പെടുന്ന കാര്‍ബണേറ്റഡ് ബെവ്റേജസ് വേനല്‍ക്കാല ദാഹമകറ്റാന്‍ ഉപയോഗിക്കരുത്. ഇത്തരം പാനീയങ്ങള്‍ ശരീരത്തില്‍ നിന്ന് ജലാംശം കൂടുതല്‍ വലിച്ചെടുക്കുമെന്നതിനാല്‍ അവ ഒഴിവാക്കുന്നത് ഉത്തമമാണ്.

ഭക്ഷണത്തില്‍ പഴങ്ങള്‍ കൂടി :ദിവസേനയുള്ള ഭക്ഷണത്തില്‍ ഏതെങ്കിലും ഒരു പഴമുള്‍പ്പെടുത്തുന്നത് അത്യുത്തമമാണ്. ഭക്ഷണത്തില്‍ ന്യൂട്രിയന്‍റ്‌സും ആന്‍റി ഓക്‌സിഡന്‍റ്‌സും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി വേനല്‍ക്കാലത്ത് ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഭക്ഷണത്തില്‍ കൂടുതലും പഴങ്ങളും പച്ചക്കറികളുമാക്കുക. ജലാംശം കൂടുതലടങ്ങിയ തണ്ണിമത്തന്‍, മാതളം, തക്കാളി, നാരങ്ങാ വര്‍ഗത്തില്‍പ്പെട്ട ചെറുനാരങ്ങ, മുസംബി, ഓറഞ്ച് എന്നിവ ഉള്‍പ്പെടുത്താം.

ഇതില്‍ ധാരാളം ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ രോഗങ്ങളില്‍ നിന്ന് നമ്മുടെ ശരീരത്തിന് പ്രതിരോധം തീര്‍ക്കും. ചൂടുമൂലമുളവാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൈതച്ചക്ക അഥവാ പൈനാപ്പിള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മാമ്പഴത്തില്‍ വിറ്റാമിന്‍ എ, സി എന്നിവയും ബീറ്റാകരോട്ടിനും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വേനല്‍ക്കാല രോഗങ്ങളെ തടഞ്ഞുനിര്‍ത്താന്‍ സഹായിക്കും.

ചര്‍മ്മ സംരക്ഷണത്തിന് ദിവസേന പപ്പായ കഴിക്കുന്നത് നല്ലതാണ്. ദിവസേനയുള്ള ഭക്ഷണത്തില്‍ പഴ വര്‍ഗങ്ങളേതെങ്കിലും നേരിട്ടോ ജ്യൂസായോ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതാണ്.

പച്ചക്കറി സാലഡ് ശീലമാക്കാം :ഇടനേര ആഹാരമായി പച്ചക്കറി സാലഡ് ഉപയോഗിക്കുന്ന ഉഷ്‌ണകാലത്തിന് അത്യുത്തമമാണ്. വെള്ളരി, കാരറ്റ്, തക്കാളി, മുളപ്പിച്ച പയറുകള്‍ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയതാകണം പച്ചക്കറി സാലഡ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

വര്‍ജിക്കാം വേനല്‍ കഴിയും വരെ മട്ടണും ബീഫും :ചുവന്ന ഇറച്ചി അഥവാ റെഡ് മീറ്റ് വേനല്‍ക്കാലത്ത് നമ്മുടെ ശരീരത്തിന് ഒട്ടും യോജിച്ചതല്ല. റെഡ് മീറ്റുകളായ മട്ടണ്‍, ബീഫ് എന്നിവ ഒഴിവാക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. എരിവ്, മസാല, പുളി, ഉപ്പ് എന്നിവ അധികം ചേര്‍ത്ത ഭക്ഷണങ്ങള്‍ പരമാവധി കുറയ്‌ക്കുക. അല്ലെങ്കില്‍ അത് ദഹന പ്രശ്‌നങ്ങളിലേക്ക് ശരീരത്തെ നയിക്കും. വേനല്‍ക്കാലത്ത് ദഹന രസങ്ങളുടെ ഉത്പാദനം കുറവുള്ള കാലം കൂടിയാണ്. ഇത് കണക്കിലെടുത്ത് കഴിക്കുന്ന ആഹാരത്തിന്‍റെ അളവും കുറയ്‌ക്കേണ്ടതാണ്.

വേനല്‍ക്കാലത്ത് മിത വ്യായാമമാകാം :വിയര്‍ത്ത് കുളിക്കുന്ന ഈ വേനല്‍ക്കാലത്തെന്തിന് വ്യായാമം എന്ന് ചോദിക്കുന്നവരുണ്ടാകാം. പക്ഷേ വേനല്‍ക്കാലത്തും വ്യായാമം ശരീരത്തിന് ആവശ്യമാണ്. അതി കഠിന വ്യായാമം ഈ കാലത്ത് വേണ്ട. 30 മുതല്‍ 45 മിനിട്ടുവരെ നടത്തമാണ് അത്യുത്തമം. അത് ശീലിക്കുകയും വേണം.

നടക്കാന്‍ തെരഞ്ഞെടുക്കുന്ന സമയം പ്രത്യേകം ശ്രദ്ധിക്കുക. പുലര്‍ച്ചെ സ്യൂര്യോദയത്തിന് മുന്‍പ് അഥവാ ഏഴ് - ഏഴര മണിക്കുള്ളിലോ വൈകിട്ട് സൂര്യാസ്‌തമനത്തിന് ശേഷമോ അല്ലെങ്കില്‍ 6 മണിക്ക് ശേഷമോ വ്യായാമം ചെയ്യാം. രാവിലെ 11 നും വൈകിട്ട് 5 നും ഇടയിലുള്ള സമയം ഒരു കാരണവശാലും നടത്തത്തിന് തെരഞ്ഞെടുക്കരുത്.

ABOUT THE AUTHOR

...view details