ഹൈദരാബാദ്: കാത്തിരിപ്പിനൊടുവിൽ റിയൽമി 14 പ്രോ സീരീസ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് റിയൽമി. റിയൽമി 14 പ്രോ, റിയൽമി 14 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ പുറത്തിറക്കിയത്. അതുല്യമായ ഡിസൈനിൽ, നിരവധി ന്യൂതന സാങ്കേതികവിദ്യകളുമായാണ് പുതിയ ഫോണുകൾ പുറത്തിറക്കിയത്. തണുക്കുമ്പോൾ നിറം മാറുന്ന ബാക്ക് പാനലുള്ള ഫോൺ ലോകത്തെ ആദ്യ കോൾഡ് സെൻസിറ്റീവ് കളർ ചേഞ്ചിങ് ടെക്‌നോളജിയുള്ള ഫോണാണ്.
അത്ഭുതങ്ങളേറെ:
ഡിസൈൻ, ഫോട്ടോഗ്രഫി തുടങ്ങിയ നിരവധി പുതിയ സവിശേഷതകളുമായെത്തുന്ന ഫോൺ ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഓളം സൃഷ്‌ടിക്കും. പവിഴത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പേൾ വൈറ്റ് നിറത്തിലും ഗ്രേ നിറത്തിലും മനംകവരുന്ന ഡിസൈനിലാണ് റിയൽമി 14 പ്രോ സീരീസ് പുറത്തിറക്കിയിരിക്കുന്നത്. ബാക്ക് പാനലിന് നടുവിലായാണ് ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. 16 ഡിഗ്രി സെൽഷ്യസിന് താഴെയുള്ള താപനിലയിലെത്തുമ്പോൾ പേൾ വൈറ്റ് നിറത്തിലുള്ള ഫോണിന്‍റെ ബാക്ക് പാനലിന്‍റെ നിറം നീലയായി മാറും. തെർമോ ക്രോമിക് ടെക്‌നോളജിയും നിറം മാറുന്നതിനുള്ള പിഗ്‌മെന്‍റുകളും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.
കൂടാതെ ഇരുട്ടിലും മികച്ച ഫോട്ടോ എടുക്കാനായി ട്രിപ്പിൾ ഫ്ലാഷ് സംവിധാനം റിയൽമി 14 പ്രോ സീരീസിലുണ്ട്. ഫോൺ ഉപയോഗിക്കുമ്പോൾ ഉപയോക്താക്കളുടെ കണ്ണിന് സംരക്ഷണം നൽകുന്ന സംവിധാനവും ഈ സീരീസിലെ ഫോണുകളിലുണ്ട്. ഐപി 68, 69 റേറ്റിങുള്ള ഫോണുകളായതിനാൽ തന്നെ 1.5 മീറ്റർ വെള്ളത്തിൽ ഒരു മണിക്കൂർ വരെ കിടന്നാൽ ഫോണിന് ഒന്നും തന്നെ സംഭവിക്കില്ല. കൂടാതെ മറ്റ് ഫോണുകളെ അപേക്ഷിച്ച് പുനരുപയോഗിക്കാവുന്നതും കൂടുതൽ പരിസ്ഥിതി സൗഹൃദവുമാണ് ഈ സീരീസിലെ ഫോണുകൾ.
സ്വീഡ് ഗ്രേ, പേൾ വൈറ്റ് എന്നീ നിറങ്ങൾക്ക് പുറമെ ജയ്‌പൂർ പിങ്ക്, ബിക്കാനീർ പർപ്പിൾ എന്നിങ്ങനെ ഇന്ത്യയിലെ സ്ഥലങ്ങളുടെ നിറങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള എക്‌സ്‌ക്ലൂസീവ് കളർ ഓപ്‌ഷനുകളിലും ഫോൺ ലഭ്യമാവും.
റിയൽമി 14 പ്രോ പ്ലസ്:
120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് AMOLED ക്വാഡ് കർവ്‌ഡ് ഡിസ്‌പ്ലേയിലാണ് റിയൽമി 14 പ്രോ പ്ലസ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. 1500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് ലഭിക്കുന്ന ഫോണിൽ ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും നൽകിയിട്ടുണ്ട്. 80 വാട്ട് ചാർജിങ് പിന്തുണയ്‌ക്കുന്ന 6,000 mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. സ്‌നാപ്‌ഡ്രാഗൺ 7s Gen 3 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുക.
12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജിലുമാണ് റിയൽമി 14 പ്രോ പ്ലസ് ലഭ്യമാവുക. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ മോഡൽ പ്രവർത്തിക്കുക. ക്യാമറ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 50 എംപി സോണി IMX896 സെൻസറും 50 എംപി സോണി IMX882 ടെലിഫോട്ടോ ലെൻസും 8 എംപി അൾട്രാ വൈഡ് ലെൻസും 32 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ ഫീച്ചർ ചെയ്യുന്നുണ്ട്.
റിയൽമി 14 പ്രോ:
120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് AMOLED ക്വാഡ് കർവ്‌ഡ് ഡിസ്‌പ്ലേയിലാണ് റിയൽമി 14 പ്രോ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് ലഭിക്കുന്ന ഫോണിൽ 66 വാട്ട് ചാർജിങ് പിന്തുണയ്‌ക്കുന്ന 6,000 mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. മീഡിയാടെക് ഡിമെൻസിറ്റി 7300 എനർജി ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുക. പ്രോ പ്ലസ് മോഡലിന് സമാനമായ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രോ മോഡലും പ്രവർത്തിക്കുക.
ക്യാമറ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, 50 എംപി പ്രൈമറി ക്യാമറയും 13 എംപി അൾട്രോ വൈഡ് ലെൻസും 2 എംപി മാക്രോ സെൻസറും 16 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ ഫീച്ചർ ചെയ്യുന്നുണ്ട്.
വില:
റിയൽമി 14 പ്രോ പ്ലസിന്‍റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 29,999 രൂപയും, 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 31,999 രൂപയും, 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 34,999 രൂപയുമാണ് വില. റിയൽമി 14 പ്രോ ഫോണിന്‍റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 24,999 രൂപയും, 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 26,999 രൂപയുമാണ് വില. ഈ സീരീസിലെ ഫോണുകൾ ജനുവരി 23 മുതൽ ഫ്ലിപ്‌കാർട്ടിലും റിയൽമി വെബ്‌സൈറ്റിലും റിയൽമിയുടെ റീട്ടെയിൽ സ്റ്റോറുകളിലും വിൽപ്പനയ്‌ക്കെത്തും.
- വിലയോ തുച്ഛം ഗുണമോ മെച്ചം: മികച്ച വാട്ടർപ്രൂഫ് കപ്പാസിറ്റിയുമായി റിയൽമി 14x ഇന്ത്യയിൽ, പ്രത്യേക ഓഫർ ലഭ്യം
- ഐഫോണുകൾക്ക് 30,000 രൂപ വരെ വിലക്കിഴിവ്: കൂടുതൽ ഡിസ്‌കൗണ്ട് ആമസോണിലോ ഫ്ലിപ്‌കാർട്ടിലോ?
- വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം: സാംസങ് ഗാലക്‌സി എസ് 25 സീരീസിന്‍റെ വില ചോർന്നു
- ആമസോണിലും ഫ്ലിപ്‌കാർട്ടിലും റിപ്പബ്ലിക് ഡേ സെയിൽ; ഫോണുകൾക്ക് വമ്പൻ ഡിസ്‌കൗണ്ടുകൾ
- 20,000 രൂപയ്‌ക്കുള്ളിൽ ലഭ്യമാവുന്ന അഞ്ച് മികച്ച ക്യാമറ ഫോണുകൾ