കണ്ണൂർ : മദ്രാസ് സർക്കാരിന്‍റെ ഉത്തരവ് പ്രകാരം 1899ൽ പ്രവർത്തനം തുടങ്ങിയ തലശേരി പൊലീസ് സ്‌റ്റേഷന് ബ്രിട്ടീഷ് ഭരണകാലത്ത് നക്‌സലേറ്റ് അക്രമം ഉൾപ്പടെ നേരിടേണ്ടി വന്ന ചരിത്രമുണ്ട്. 2023ലെ മുഖ്യമന്ത്രിയുടെ ട്രോഫി നേടി പുരസ്‌കാര തിളക്കത്തിൽ തലശേരി പൊലീസ് സ്‌റ്റേഷൻ മിന്നി നിൽക്കുമ്പോൾ ഒരുപാട് അന്വേഷണങ്ങൾ തെളിയിച്ച കഥയുണ്ട് സ്‌റ്റേഷന് പറയാൻ.
1984ലാണ് സ്‌റ്റേഡിയത്തിന് സമീപത്തെ സ്വന്തം കെട്ടിടത്തിലേക്ക് സ്‌റ്റേഷൻ മാറിയത്. നേരത്തെ സ്‌റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിലവിൽ ട്രാഫിക് യൂണിറ്റാണ് പ്രവർത്തിക്കുന്നത്. പഴയ സ്‌റ്റേഷൻ കെട്ടിടം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുകയും ചെയ്‌തു.
സംസ്ഥാനത്തെ മികച്ച പൊലീസ് സ്‌റ്റേഷനുള്ള അന്വേഷണ മികവ്, പരാതി പരിഹാരം, കുറ്റകൃത്യങ്ങൾ തടയൽ, ഗ്രീൻ പ്രോട്ടോകോൾ പാലിക്കൽ തുടങ്ങിയവയിലുള്ള മികവാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിങ് കമ്മിറ്റിയാണ് പുരസ്‌കാര തെരഞ്ഞെടുപ്പ് നടത്തിയത്.
അതേസമയം പൊതുസ്ഥലത്ത് ലഹരിമരുന്ന് ഉപയോഗിച്ചതിന് 254 കേസുകൾ 2023ൽ രജിസ്‌റ്റർ ചെയ്‌തിരുന്നു. കുറ്റകൃത്യം തടയാനായി 11 പ്രതികൾക്കെതിരെ കാപ്പ നിയമം ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞു. ഇതേ വർഷം റിപ്പോർട്ട് ചെയ്‌ത എട്ട് കവർച്ചാക്കേസുകളിൽ 13 പ്രതികളെ അറസ്‌റ്റ് ചെയ്‌തു. 1.75 കോടി രൂപയുടെ കള്ളപ്പണം പിടികൂടി ആദായനികുതി വകുപ്പിന് കൈമാറി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പൊതുജനങ്ങൾക്ക് സഹായം എത്തിക്കാനും പരാതികൾ സമയബന്ധിതമായി തീർപ്പാക്കാനും സ്‌റ്റേഷൻ മാതൃകാപരമായ നടപടികളാണ് സ്വീകരിക്കുന്നത്. എം അനിൽ, ബിജു ആന്‍റണി എന്നിവരായിരുന്നു 2023ലെ ഇൻസ്പെക്‌ടർമാർ. കഴിഞ്ഞ വർഷം പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണു ബിനു തോമസ് സ്‌റ്റേഷനിലെത്തിത്.
2024ൽ 30ൽപരം കാപ്പ കേസുകളിൽ നടപടി സ്വീകരിച്ചു. നിലവിൽ 5 കേസുകളാണു രജിസ്‌റ്റർ ചെയ്‌തത്. തലശേരി പോലുള്ള വലിയ സ്‌റ്റേഷനിൽ കേസുകളുടെ എണ്ണം നിയന്ത്രിക്കാനാകുന്നത് വലിയ നേട്ടമാണെന്നും ബിനു തോമസ് പറഞ്ഞു.
സർക്കിൾ ഇൻസ്പെക്‌ടർ ഉൾപ്പെടെ 91 ഉദ്യോഗസ്ഥരാണ് സ്‌റ്റേഷന്‍റെ അംഗബലമെന്ന് നിലവിൽ ഇൻസ്പെക്‌ടറായ ബിനു തോമസ് വ്യക്തമാക്കി. ഇപ്പോൾ മൂന്ന് എസ്ഐമാർ ഉൾപ്പെടെ 79 ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. തലശേരി തിരുവങ്ങാട് എരിഞ്ഞോളി വില്ലേജുകളാണ് സ്‌റ്റേഷന്‍റെ പ്രവർത്തന പരിധി. വനിത, സീനിയർ സിറ്റിസൺ ഹെൽപ്പ് ഡസ്ക്കുകൾ, ജനമൈത്രി സംവിധാനം എന്നിവ ഇവിടെ പ്രവർത്തിക്കുന്നു.
Also Read: കലോത്സവ വേദിയിൽ മനസും വയറും നിറച്ച പൊലീസുകാർ; സൗജന്യ ലഘുഭക്ഷണ കൗണ്ടറിന് കയ്യടി