ദൈന്യദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇയർഫോണുകൾ. വീടിനുള്ളിലായാലും പുറത്തായാലും ഫോണിനോടൊപ്പം ഹെഡ്സെറ്റ് നിർബന്ധമാണ്. കോൾ ചെയ്യാനും പാട്ട് കേൾക്കാനും സിനമ, സീരീസുകൾ എന്നിവ കാണാനും ഇയർഫോണുകൾ അല്ലെങ്കിൽ ഇയർബഡുകൾ മണിക്കൂറുകളോളം ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും.
എന്നാൽ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ശരീരത്തിന് എത്രത്തോളം ദോഷകരമാണെന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇയർഫോണുകളുടെ അമിത ഉപയോഗം കേൾവി ശക്തിയെ സാരമായി ബാധിക്കുന്നു. ഇത് കേൾവി നഷ്‌ടപ്പെടാൻ വരെ കാരണമായേക്കുമെന്ന് വിദഗ്‌ധർ പറയുന്നു.
ഇയർഫോണുകളുടെ അമിത ഉപയോഗം കേൾവി ശക്തിയെ ഗുരുതരമായി ബാധിക്കുമെന്നതിന് പുറമെ ചെവിയിൽ അഴുക്ക് അടിഞ്ഞുകൂടാനും ഇടയാക്കുന്നു. ഇത് അണുബാധ ഉണ്ടാകാൻ കാരണമാകുകയും ചെയ്യുന്നു. മണിക്കൂറുകൾ നീണ്ട ഉപയോഗം തലവേദനയ്ക്ക് കാരണമാകുകയും ക്രമേണ മൈഗ്രെയിൻ പോലുള്ള കഠിന തലവേദനയിലേക്കും നയിക്കുന്നു. ഉറക്കമില്ലായ്‌മ, സ്ലീപ് അപ്‌നിയ തുടങ്ങിയ പ്രശ്‌നങ്ങളും ദീർഘനേരം ഇയർഫോണുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നു.
കേൾവി ശക്തി നശിപ്പിക്കുന്നതിൽ ഇയർഫോണുകളുടെ പങ്ക് വളരെ വലുതാണ്. നിരന്തരം ഉയർന്ന ശബ്‌ദത്തിൽ പാട്ട് കേൾക്കുകയോ സിനിമകൾ കാണുകയോ ചെയ്യുമ്പോൾ ക്രമേണ കേൾവി ശക്തി കുറയുന്ന സ്ഥിതിയുണ്ടാകുന്നു. ചെവിയിലെ രക്തചംക്രമണത്തെ സാരമായി ബാധിക്കാനും ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ രാത്രിയിൽ ഉറങ്ങുമ്പോൾ ഇയർഫോണുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്.