കേരളം

kerala

ETV Bharat / health

ആര്‍ദ്രം ജീവിതശൈലീ രണ്ടാം ഘട്ട സ്‌ക്രീനിങ് തുടങ്ങി; ശൈലി 2.0 ആപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്‌തു

30 വയസിന് മുകളിലുള്ള മുഴുവന്‍ പേരുടേയും വാര്‍ഷികാരോഗ്യ സ്‌ക്രീനിങ് നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് . ഇ ഹെല്‍ത്ത് വികസിപ്പിച്ച് ആപ്പിലൂടെ കാര്യങ്ങള്‍ കൂടുതല്‍ മികവുറ്റതും ലളിതവുമാകുമെന്ന് പ്രതീക്ഷ

Ardram Screening  Shaili APP  ardram screening start in kerala  വീണാ ജോര്‍ജ്  ശൈലി ആപ്പ്
ശൈലി ആപ്പ് ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ്

By ETV Bharat Kerala Team

Published : Feb 15, 2024, 7:34 PM IST

തിരുവനന്തപുരം:30 വയസിന് മുകളിലുള്ള മുഴുവന്‍ പേരുടേയും വാര്‍ഷികാരോഗ്യ സ്‌ക്രീനിങ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നാം ഘട്ട സ്‌ക്രീനിങില്‍ പങ്കെടുക്കാന്‍ സാധിക്കാതെപോയ എല്ലാവരേയും ഉള്‍ക്കൊള്ളിച്ച് രണ്ടാം ഘട്ടത്തില്‍ 100 ശതമാനവും പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ശൈലി രണ്ടില്‍ കുടുതല്‍ രോഗങ്ങളുടെ സ്‌ക്രീനിങ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്‌ക്രീന്‍ ചെയ്യുക മാത്രമല്ല പരിശോധനയും തുടര്‍ ചികിത്സയും ഉറപ്പാക്കുമന്നും മന്ത്രി വ്യക്തമാക്കി.

ശൈലി ഒന്നാംഘട്ടത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും കൃത്യസമയത്ത് ശൈലി 2.0 ലോഞ്ച് ചെയ്യാനായി പരിശ്രമിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംങിന്‍റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിങ് പൂര്‍ത്തിയാക്കിയിരുന്നു. സ്‌ക്രീനിങില്‍ രോഗ സാധ്യതയുള്ള 23.5 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. 30 വയസിന് മുകളില്‍ ലക്ഷ്യം വച്ചവരില്‍ ബഹുഭൂരിപക്ഷം വ്യക്തികളുടേയും സ്‌ക്രീനിങ് പൂര്‍ത്തിയായ സ്ഥിതിയിലാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. ഇതിനായി ശൈലി 2.0 ആപ്പ് വികസിപ്പിച്ചു.

ജനകീയ പങ്കാളിത്തത്തോടെയായിരിക്കും രണ്ടാംഘട്ടം നടപ്പിലാക്കുക. ഇ ഹെല്‍ത്ത് രൂപകല്പന ചെയ്യുന്ന ശൈലി ആപ്പിന്‍റെ സഹായത്തോടെ ആശാ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിങ് നടത്തുന്നത്. രണ്ടാം ഘട്ടത്തില്‍ കുഷ്ഠ രോഗം, കാഴ്ചക്കുറവ്, കേള്‍വി കുറവ്, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുടെ സ്‌ക്രീനിങും നടത്തും. നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം രണ്ടിന്‍റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീന്‍ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വാര്‍ഷികാരോഗ്യ പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കത്തക്ക രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു, ഇ ഹെല്‍ത്ത് പ്രോജക്ട് ഡയറക്ടര്‍ അനുകുമാരി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, എന്നിവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details